ജർമനിയുടെ ആദ്യ ബഹിരാകാശ യാത്രികൻ അന്തരിച്ചു
ബർലിൻ: ജർമനിയുടെ ആദ്യ ബഹിരാകാശ യാത്രികനായിരുന്ന സിഗ്മണ്ട് യാൻ അന്തരിച്ചു. 82 വയസായിരുന്നു. ജർമൻ എയ്റോസ്പേസ് സെന്‍ററാണ് മരണ വിവരം ലോകത്തെ അറിയിച്ചത്.

ലോകം അംഗീകരിച്ച ബഹിരാകാശ യാത്രികനെയും ശാസ്ത്രജ്ഞനെയും എൻജിനിയറെയുമാണ് യാന്‍റെ വിയോഗത്തിലൂടെ ജർമൻ ബഹിരാകാശ രംഗത്തിനു നഷ്ടമാകുന്നതെന്ന് സെന്‍റർ അനുസ്മരിച്ചു.

1978 ഓഗസ്റ്റ് 26ന് സോവ്യറ്റ് യൂണിയന്‍റെ സോയുസ് 31 റോക്കറ്റിലാണ് യാൻ ബഹിരാകാശ യാത്ര നടത്തിയത്. റഷ്യൻ സ്പേസ് സെന്‍ററായ ബൈക്കനൂരിൽനിന്നായിരുന്നു യാത്ര. സോവ്യറ്റ് യാത്രികൻ വലേറി ബംകോവ്സ്കിയും ഒപ്പമുണ്ടായിരുന്നു.

ഏഴു ദിവസവും 20 മണിക്കൂറും 49 മിനിറ്റും യാൻ ബഹികാരാശത്ത് കഴിഞ്ഞു. കിഴക്കൻ ജർമനിയിൽ ഇതോടെ വീര നായകനായി വാഴ്ത്തപ്പെട്ടയാളാണ് യാൻ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ