ഉദുമ: മലയാളികൾ ഉൾപ്പെടെയുള്ള ജോലിക്കാരുമായി ആഫ്രിക്കയിലെ ലോമോ തുറമുഖത്തുനിന്ന് കാമറൂണിലേക്ക് പുറപ്പെട്ട ചരക്കുകപ്പൽ കടൽകൊള്ളക്കാർ റാഞ്ചിയതായി വിവരം. ആഫ്രിക്കയിലെ ലോമോ തുറമുഖത്തുനിന്ന് കാമറൂണിലേയ്ക്ക് പോയ ചരക്കുകപ്പലാണ് കടൽക്കൊള്ളക്കാർ പിടിച്ചെടുത്ത് ജീവനക്കാരെ തടവിലാക്കിയത്.
കാസർഗോഡ് കോട്ടിക്കുളം ഗോപാൽപേട്ട സ്വദേശി രജീന്ദ്രൻ ഭാർഗവൻ (35) ആണ് കൊള്ളക്കാർ തട്ടിക്കൊണ്ടുപോയവരിലെ ഒരു മലയാളി. രണ്ടാമത്തെയാളെക്കുറിച്ചുള്ള വിവരം പുറത്തുന്നിട്ടില്ല.
പനാമ രജിസ്ട്രേഷനുള്ള വിറ്റൂ റിവർ കമ്പനിയുടെ കപ്പലിലെ ജീവനക്കാരെയാണ് കൊള്ളക്കാർ തട്ടിക്കൊണ്ടുപോയത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെരി ടെക് ടാങ്കർ മാനേജ്മെന്റിന്റേതാണ് കപ്പൽ ചരക്ക്.
കപ്പലിലുണ്ടായിരുന്ന 18 ജീവനക്കാരിൽ പത്തുപേരെ തട്ടിക്കൊണ്ടുപോയതിനുശേഷം കപ്പൽ ഒഴിവാക്കുകയായിരുന്നുവെന്നാണ് വിവരം. മാർച്ച് 18ന് വിറ്റൂ റിവർ കമ്പനി രജീന്ദ്രന്റെ ഭാര്യയെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
ജീവനക്കാർ എല്ലാവരും സുരക്ഷിതരാണ് എന്നാണ് കമ്പനി അറിയിച്ചതെന്ന് ബന്ധു പറഞ്ഞു. കപ്പലിൽ അവശേഷിക്കുന്ന ജീവനക്കാരുമായി കമ്പനി ബന്ധപ്പെടുന്നുണ്ട്. തട്ടിക്കൊണ്ടുപോയവരെക്കുറിച്ചോ മോചനദ്രവ്യത്തെക്കുറിച്ചോ കമ്പനി വീട്ടുകാർക്ക് വിവരം നൽകിയിട്ടില്ല.