ചങ്ങനാശേരി: അന്താരാഷ്ട്ര യുവജന വാരാചരണത്തത്തോട് അനുബന്ധിച്ച് അമേരിക്കന് മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമ ചങ്ങനാശേരി യുവജനവേദിയുമായി കൈകോര്ത്ത് യുവതീയുവാക്കളുടെ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു.
ഞായറാഴ്ച രാവിലെ 7.30ന് ചങ്ങനാശേരി മാര്ക്കറ്റിന് സമീപമുള്ള ബോട്ട് ജെട്ടിയിലെ അഞ്ചുവിളക്കിന്റെ ചുവട്ടില് നിന്നും ആരംഭിച്ച് മുനിസിപ്പല് ജംഗ്ഷനില് സമാപിക്കുന്ന കൂട്ടയോട്ടത്തില് 300-ലധികം യുവജനങ്ങള് പങ്കെടുക്കുമെന്ന് വൈസ് പ്രസിഡന്റ് ഷാലു മാത്യു പുന്നൂസ് അറിയിച്ചു.
യുവജനങ്ങളെ ശാക്തീകരിക്കുക, അവരുടെ കഴിവുകളെ ക്രിയാത്മകമായി സമൂഹ നന്മയ്ക്കായി വിനിയോഗിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടികള് ആസൂത്രണം ചെയ്യുന്നത്.
കൊടിക്കുന്നില് സുരേഷ് എംപി, എംഎല്എമാരായ ജോബ് മൈക്കിള്, ചാണ്ടി ഉമ്മന്, യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയര്മാന് അഡ്വ. വര്ഗീസ് മാമ്മന്, കേരള കോണ്ഗ്രസ് നേതാവ് വി.ജെ. ലാലി, ഉള്പ്പെടെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ വ്യക്തിത്വങ്ങള് സാന്നിധ്യമറിയിക്കുമെന്ന് യുവജനവേദി ഭാരവാഹികളായ സജാദ് (ചങ്ങനാശേരി പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി), പൊതുപ്രവര്ത്തകനായ അരുണ് ബാബു എന്നിവര് അറിയിച്ചു.
ചങ്ങനാശേരി പോലീസ് സബ് ഇൻസ്പെക്ടർ ആർ.പി. ടിനു ലഹരി വിരുദ്ധ സന്ദേശം നൽകും. "കേരളത്തിലെ ജീവകാരുണ്യ പ്രവര്ത്തന മേഖലയില് എന്നും സജീവമായ ഇടപെടലുകള് നടത്തുന്ന ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയെന്ന നിലയില് നാട്ടിലെ വ്യാപകമായ ലഹരി ഉപയോഗത്തിനെതിരേ ശബ്ദിക്കുകയെന്നത് ഫോമയുടെ കര്ത്തവ്യമാണ്.
സംഘടനയുടെ 2025-26 ഭരണ സമിതി ചങ്ങനാശേരി യുവജനവേദിയുമായി സഹകരിച്ച് നടത്തുന്ന ഈ 2-കെ റണ് എന്ന ബോധവത്കരണ പരിപാടിയിലേക്ക് എവരെയും സ്വാഗതം ചെയ്യുന്നതായി ഷാലു പുന്നൂസ് പറഞ്ഞു.
ബഹുജന പങ്കാളിത്തത്തോടെയുള്ള ഈ ലഹരി വിരുദ്ധ കൂട്ടയോട്ടത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്ന് ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേല്, ജനറല് സെക്രട്ടറി ബൈജു വര്ഗീസ്, ട്രഷറര് സിജില് പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള് പി. ജോസ്, ജോയിന്റ് ട്രഷറര് അനുപമ കൃഷ്ണന് എന്നിവര് ആശംസിച്ചു.