ഗുഡ് ഗാവ് ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ ഡിഎംഎ മഹിപാൽപൂർ-കാപ്പസ് ഹേഡാ ഏരിയയുടെ അയ്യപ്പ പൂജയും കാർത്തിക വിളക്ക് മഹോത്സവവും
ന്യൂ ഡൽഹി: ഗുഡ് ഗാവ് (ഗുരുഗ്രാം) ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർ-കാപ്പസ് ഹേഡാ ഏരിയയുടെ ആഭിമുഖ്യത്തിൽ ക്ഷേത്ര മേൽശാന്തി രാജേഷ് അടികയുടെ മുഖ്യ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തോടെ അയ്യപ്പ പൂജയും കാർത്തിക വിളക്കു മഹോത്സവവും നടത്തി.

മലർ നിവേദ്യം, അഷ്ടാഭിഷേകം, ഉഷഃപൂജ, ഉച്ചപൂജ, മഹാ ദീപാരാധന, ദീപക്കാഴ്ച്ച, അത്താഴ പൂജ, ഹരിവരാസനം എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ.

ഡിഎംഎ മഹിപാൽപൂർ-കാപ്പസ് ഹേഡാ ഏരിയ, കഴിഞ്ഞ എട്ടു വർഷമായി മുടക്കമില്ലാതെ നടത്തി വരികയാണ് ഗുഡ് ഗാവ് (ഗുരുഗ്രാം) ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ അയ്യപ്പപൂജ. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ലോക നന്മക്കു വേണ്ടിയുള്ള സമർപ്പണമാണ് ഇത്തരമൊരു പൂജയെന്ന് ഏരിയ ചെയർമാൻ ഡോ. ടി.എം. ചെറിയാനും സെക്രട്ടറി പ്രദീപ് ജി കുറുപ്പും പറഞ്ഞു. ഡിഎംഎ ഭാരവാഹികൾക്കൊപ്പം ക്ഷേത്ര വൈസ് പ്രസിഡന്‍റ് രാജേഷ് പിള്ള, സെക്രട്ടറി എം.കെ. നായർ എന്നിവരും ചടങ്ങുകൾക്ക് നേതൃത്വം നൽകി.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി തിരക്ക് ഒഴിവാക്കുന്നതിനായി ഗൂഗിൾ മീറ്റിലൂടെയും ശ്രീകോവിലുമായി ബന്ധപ്പെടാത്ത ചടങ്ങുകൾ പ്രക്ഷേപണം ചെയ്തിരുന്നു.

റിപ്പോർട്ട്: പി.എൻ. ഷാജി