കാട്ടുപന്നികൾ കൃഷിക്ക് ഭീഷണി ഉയർത്തുന്നു
1467656
Saturday, November 9, 2024 5:30 AM IST
ഷൊർണൂർ: രണ്ടാംവിളയ്ക്ക് തയ്യാറെടുക്കുന്ന കർഷകർക്ക് കാട്ടുപന്നികൾ ഭീഷണി. ഞാറ്റടികൾ സംരക്ഷിക്കാൻ പെടാപാട് പെടുകയാണ് കർഷകർ. ഞാർ പാകിയ ഇടം സംരക്ഷിക്കാനാണ് കർഷകർ വലയുന്നത്. ഞാറ്റടി മുളച്ചു തുടങ്ങുമ്പോൾ തന്നെ പന്നികൾ കൂട്ടമായി എത്തുമെന്നുറപ്പാണ്.
ഞാറ്റടിക്കായി വിതച്ച നെല്ല് തിന്നും ചേറിൽ കിടന്ന് ഉരുണ്ടും ഞാറ്റടി മുഴുവൻ നശിപ്പിക്കുകയാണ് പന്നിക്കൂട്ടങ്ങൾ. മുൻവർഷങ്ങളിൽ ഇത്തരത്തിൽ മൂന്നും നാലും തവണ വിത്ത് വിതച്ചിട്ടും ഞാർ ലഭിക്കാതെ മറ്റിടങ്ങളിൽ നിന്നു ഞാർ ശേഖരിക്കേണ്ട അവസ്ഥയിലായിരുന്നു പല കർഷകരും.
കൂട്ടമായിട്ടാണ് പന്നികൾ നാട്ടിലേക്കിറങ്ങുന്നത്. പുലർച്ചെവരെ ഇവ ഇവിടെ കിടന്ന് നാശനഷ്ടങ്ങൾ വരുത്തും. ഞാറ്റടികൾ പന്നികളിൽ നിന്നു രക്ഷിച്ച് നടീൽ നടത്തിയാൽ തന്നെ വിളവെടുപ്പാകുന്ന സമയത്ത് പന്നികൾ വീണ്ടും പാടങ്ങളിലേക്കെത്തും. കൊയ്ത്തിനു പാകമായ നെൽച്ചെടികളിൽ നിന്ന് നെല്ല് തിന്നും ചുഴറ്റിയും നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. പന്നികളുടെ ശല്യം മൂലം കൃഷി നടത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് കർഷകരുടെ അഭിപ്രായം.