ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും
1591930
Tuesday, September 16, 2025 12:21 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി- മണ്ണുത്തി ആറുവരി ദേശീയപാതയിൽ മേൽപ്പാല നിർമാണം നടക്കുന്ന വാണിയംപാറ, കല്ലിടുക്ക്, മുടിക്കോട് ഭാഗങ്ങളിൽ ഗതാഗതകുരുക്ക് തുടരുന്ന സാഹചര്യത്തിൽ പന്നിയങ്കരയിലെ ടോൾപിരിവ് താത്കാലികമായി നിർത്തിവയ്പിക്കണമെന്നാവശ്യപ്പെട്ട് തൃശൂരിലെ അഭിഭാഷകനും കോൺഗ്രസ് നേതാവുമായ ഷാജി കോടങ്കണ്ടത്ത് ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്നു പരിഗണിക്കും. ഗതാഗതക്കുരുക്കിനു പരിഹാരം കാണുംവരെ ടോൾപിരിവ് നിർത്തിവയ്ക്കണമെന്നാണ് ആവശ്യം.
പാതയിൽ മേൽപ്പാലങ്ങളുടെ നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ സർവീസ് റോഡുകളുടെ ടാറിംഗ് താത്കാലികമായി മാത്രമാണ് നടത്തിയിട്ടുള്ളത്. വീതികൂട്ടി നല്ല രീതിയിലുള്ള ടാറിംഗല്ല. പാതനിർമാണം പൂർത്തിയാകുംമുമ്പ് ടോൾപിരിവിന് അനുമതി നൽകിയ കംപ്ലീഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് 2022 ൽ അഡ്വ. ഷാജി കോടങ്കണ്ടത്ത് നൽകിയിരുന്ന പ്രധാന ഹർജിയിൽ ഉപഹർജിയായിട്ടാണ് ഇതു നൽകിയിട്ടുള്ളത്.
ഗതാഗതക്കുരുക്കുമൂലം പാലിയേക്കര ടോൾ പ്ലാസ താത്കാലികമായി അടപ്പിച്ച ഹൈക്കോടതി ഉത്തരവും സുപ്രീംകോടതിയിലെ അപ്പീലിലുണ്ടായ ഉത്തരവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നു അഡ്വ. ഷാജി പറഞ്ഞു.
വടക്കഞ്ചേരി- മണ്ണുത്തി ആറുവരി ദേശീയപാതയിൽ തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കും റോഡിന്റെ ശോച്യാവസ്ഥയും മൂലം ജനങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക പ്രയാസങ്ങളും കഷ്ടപ്പാടുകളും പരിഗണിച്ച്
പന്നിയങ്കര ടോൾപ്ലാസയിലെ ടോൾപിരിവ് നിർത്തിവയ്പിക്കണമെന്നാവശ്യപ്പെട്ട് വടക്കഞ്ചേരിയിലെ വോയ്സ് ഓഫ് വടക്കഞ്ചേരി എന്ന സംഘടനയും ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയിരുന്നു.