കാലംതെറ്റി കണിക്കൊന്ന പൂത്തു
1592478
Thursday, September 18, 2025 1:15 AM IST
നെന്മാറ: കാലംതെറ്റി കണിക്കൊന്ന പൂത്തു. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ ഉയർന്ന അന്തരീക്ഷചൂടുള്ളപ്പോൾ മാത്രം പൂക്കാറുള്ള കണിക്കൊന്ന സെപ്റ്റംബറിൽ തന്നെ പൂവണിഞ്ഞു. നെന്മാറ പഞ്ചായത്തിലെ കരിമ്പാറ റോഡിൽ ആറ്റുവായ് പുഴപ്പാലത്തിന് സമീപമാണ് കാലംതെറ്റി കണിക്കൊന്ന പൂവിട്ട് നിൽക്കുന്നത്. ഏതാനും വർഷങ്ങൾ മുമ്പ് സാമൂഹ്യവനവത്കരണത്തിന്റെ ഭാഗമായി റോഡരികിൽ നട്ട പലതരം തണൽ മരങ്ങൾക്കിടയിലുള്ള രണ്ടു കണിക്കൊന്നുകളാണ് പൂത്തത്.
റോഡരികിലെ ഒരു കണിക്കൊന്ന ഓണത്തോടനുബന്ധിച്ച് രണ്ടാഴ്ച മുമ്പ് ചെറിയതോതിൽ പൂത്തിരുന്നു. ഇപ്പോൾ 10 മീറ്റർ അകലെ രണ്ടാമത് ഒരു കണിക്കൊന്നയിൽ കൂടി പൂക്കൾ നിറഞ്ഞതോടെയാണ് വഴിയാത്രക്കാരിൽ കൗതുകം ഉണർത്തിയത്.
കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷത്തിലുള്ള ചൂട് വർധിച്ചതായിരിക്കാം പൂവിടാൻ കാരണമെന്ന് സസ്യശാസ്ത്രജ്ഞർ പറയുന്നു.
സാധാരണ കണിക്കൊന്ന പൂവിട്ട് തുടങ്ങുമ്പോൾ ഇലകളെല്ലാം കൊഴിഞ്ഞ് നഗ്നമായ ശിഖരത്തോടെയാണ് നിൽക്കാറുള്ളത്. ഇവിടെ നിറയെ ഇലതഴപ്പുകൾക്കിടയിലൂടെ വസന്തം വിളിച്ചോതി പൂത്ത കണിക്കൊന്ന കണ്ണിന് കുളിർമയായി നിൽക്കുന്നത്.
നെന്മാറ കരിമ്പാറ റോഡിലെ നിരവധി യാത്രക്കാർ വാഹനം നിർത്തി കണിക്കൊന്ന പൂത്ത കൗതുക കാഴ്ച കാമറകളിൽ പകർത്തുന്ന തിരക്കിലാണ്.