വന്യജീവിശല്യ ലഘൂകരണയജ്ഞത്തിന് കിഴക്കഞ്ചേരി പഞ്ചായത്തിൽ തുടക്കം
1592486
Thursday, September 18, 2025 1:15 AM IST
വടക്കഞ്ചേരി: വന്യജീവിശല്യം ലഘൂകരിക്കുന്നതിന്റെ ഭാഗമായുള്ള തീവ്രയജ്ഞ പരിപാടികൾക്ക് പീച്ചി വനാതിർത്തി വരുന്ന കിഴക്കഞ്ചേരി പഞ്ചായത്തിൽ തുടക്കംകുറിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ രാജി കൃഷ്ണൻകുട്ടി , ലതിക മണികണ്ഠൻ, കെ. രവീന്ദ്രൻ, മെംബർ പോപ്പി ജോൺ, കർഷക പ്രതിനിധികളായ ജോൺ ചെറുനിലം, ജോഷി ആന്റണി, മണി വിആർടി, മാണിക്യൻ കുണ്ടുകാട്, അഹമ്മദ് കബീർ, ഷൂട്ടർ ബെന്നി പുതുശേരി, ഫോറസ്റ്റർ ലിന്റോ തുടങ്ങിയവർ പ്രസംഗിച്ചു.
ആലത്തൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൻ. സുബൈർ വിഷയാവതരണം നടത്തി. ഈ മാസം 16 മുതൽ ഒക്ടോബർ 30 വരെയുള്ള തീയതികളിൽ മൂന്നുഘട്ടങ്ങളിലായാണ് തീവ്രയജ്ഞ പരിപാടി നടത്തുന്നത്.
വനം, കൃഷി, റവന്യു ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. പരാതികളുടെ സ്വഭാവമനുസരിച്ച് ഫോറസ്റ്റ് റേഞ്ച് തലത്തിലും ഡിവിഷൻ തലത്തിലും ജില്ലാതലത്തിലും പരാതികൾക്ക് പരിഹാരം കാണും.
സർക്കാർതലത്തിലുള്ള ഇടപെടലുകളും നടപടികളും ആവശ്യമായ പരാതികൾക്ക് അങ്ങനേയും പരിഹാരം കാണുകയാണ് 45 ദിവസത്തെ പരിപാടിയുടെ ലക്ഷ്യം.
വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ ലഭിക്കുന്ന നഷ്ടപരിഹാരത്തുക നക്കാപ്പിച്ച രീതിയിലുള്ളതിനാലാണ് വിളനാശമുണ്ടായാൽ കർഷകർ പരാതിപ്പെടാത്തതെന്ന് കർഷകർ. ഇന്നലെ നടന്ന യോഗത്തിലാണ് കർഷകർ നിലവിലെ ദുരവസ്ഥ തുറന്നടിച്ചത്.
വിളനാശം സംബന്ധിച്ച് ഇതുവരെ ആറ് അപേക്ഷകൾ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും പഞ്ചായത്തിൽ ഒരൊറ്റ പരാതി പോലും ലഭിച്ചിട്ടില്ലെന്നും റേഞ്ച് ഓഫീസർ ചൂണ്ടിക്കാട്ടിയപ്പോഴാണ് കർഷകർ നിലവിലുള്ള സ്ഥിതി വെളിപ്പെടുത്തിയത്. സമയനഷ്ടവും ലഭിക്കുന്ന നഷ്ടപരിഹാര തുകയേക്കാൾ കൂടുതൽ അത്ുലഭിക്കാൻ ചെലവ് വരുന്നതുമാണ് കർഷകർ പരാതിയിലേക്ക് നീങ്ങാത്തതെന്നുമായിരുന്നു ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞത്.