സ്വന്തം കൈപ്പടയിലെഴുതിയ കത്തുമായി മണപ്പൻ
1592419
Wednesday, September 17, 2025 8:26 AM IST
പാലക്കാട്: തെരഞ്ഞെടുപ്പുബോധം അട്ടപ്പാടിയിലെ ആദിവാസിവിഭാഗത്തിന് അന്യമല്ലെന്ന സാക്ഷ്യവുമായി എൺപത്തിരണ്ടുകാരനായ മുതിർന്ന വോട്ടർ. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അട്ടപ്പാടിയിലെത്തിപ്പോൾ സ്വന്തം കൈപ്പടയിലെഴുതിയ കത്തുമായാണ് കാവുണ്ടിക്കൽ ഉന്നതിയിലെ മണപ്പനെത്തിയത്. തന്റെ ഓർമയിലിന്നുവരെ ഒരുവോട്ടും പാഴാക്കിയില്ലെന്നായിരുന്നു രത്നച്ചുരുക്കം.
വോട്ട് അവകാശമാണെന്നും താൻ ജീവിച്ചിരിക്കുന്ന കാലത്തോളം വോട്ടവകാശം പാഴാക്കില്ലെന്നും ഉറപ്പുനൽകുന്നു. ഇപ്പോഴും ഗോത്രമേഖലകളിൽ ആളുകൾക്കു വോട്ടുചെയ്യാൻ വിമുഖതയുണ്ടെങ്കിലും മികച്ച ബോധവത്കരണത്തിലൂടെ അതെല്ലാം മറികടക്കാനാകുമെന്നും ഇവരെ എല്ലാവരെയും വോട്ടിംഗിന്റെ ഭാഗമാക്കണമെന്നും മണപ്പൻ കത്തിൽ ആവശ്യപ്പെട്ടു.
അട്ടപ്പാടി രാജീവ്ഗാന്ധി കോളജിൽ നടന്ന മീറ്റ് ദി സിഇഒ പരിപാടിയിലാണ് മണപ്പൻ കത്ത് ഓഫീസർക്കു കൈമാറിയത്. അട്ടപ്പാടിയിലെ മുതിർന്ന വോട്ടർമാരിലൊരാളായ മണപ്പനെ കോളജിലെ ഇലക്ടറൽ ലിറ്ററസി ക്ലബ് ചടങ്ങിൽ ആദരിക്കുകയുമുണ്ടായി.
എം.വി. വസന്ത്