അഴിമതി ആരോപണം അടിസ്ഥാനരഹിതം: കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി
1592488
Thursday, September 18, 2025 1:16 AM IST
മണ്ണാർക്കാട്: കുമരംപുത്തൂർ പഞ്ചായത്തിന്റെ പുതിയ കെട്ടിടവുമായി ബന്ധപ്പെട്ട് എൽഡിഎഫ് ആരോപിക്കുന്ന അഴിമതി അടിസ്ഥാനരഹിതമാണെന്ന് ഭരണസമിതി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.
കുമരംപുത്തൂർ പഞ്ചായത്തിന്റെ കെട്ടിടവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ 80 ശതമാനവും പൂർത്തീകരിക്കാനാണെന്നും ഇരുപതു ശതമാനം മാത്രമാണ് പൂർത്തീകരിച്ചതെന്നും അംഗങ്ങൾ പറഞ്ഞു. ആറുകോടി പത്തുലക്ഷം രൂപയുടെ പദ്ധതിയാണ്. ഇതിൽ ഒരു കോടി 90 ലക്ഷം രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. ബാക്കി പ്രവൃത്തി ഇനിയും ചെയ്തുതീർക്കാനുണ്ട്. കെട്ടിടത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഏതാനും പ്രവൃത്തികൾ പെട്ടെന്ന് പൂർത്തീകരിച്ചിട്ടുണ്ട്. ഈ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത് സിൽക്ക് എന്ന സർക്കാർ കമ്പനിയാണ്.
ഭരണസമിതി അനുമതി നൽകിയ പദ്ധതി പിന്നീട് അതിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിച്ചുതരേണ്ടത് സിൽക്കാണ്. സിൽക്ക് അതിന്റെ നടപടിക്രമങ്ങൾ വൈകിപ്പിച്ചതാണ് ടെൻഡർ എന്ന രീതിയിൽ എൽഡിഎഫ് ആരോപിക്കുന്നത്. ഭരണസമിതിക്ക് ഇക്കാര്യത്തിൽ വീഴ്ചയില്ലെന്നും സിൽക്കിന് എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടെങ്കിൽ അത് സർക്കാർ പരിഹരിക്കട്ടെയെന്നും ഭരണസമിതി അംഗങ്ങൾ പറഞ്ഞു.
ഒരുതവണ പൂർത്തീകരിച്ച പദ്ധതിക്ക് രണ്ടുതവണ ടെൻഡർ വിളിക്കുകയോ പണം നൽകുകയോ ഭരണസമിതി ചെയ്തിട്ടില്ല. ഇന്നലെ ടെൻഡർ വിളച്ച പദ്ധതിക്കും ഭരണസമിതി പണം നൽകിയിട്ടില്ല. ടെൻഡർ നടപടികളെല്ലാം പൂർത്തീകരിച്ച് ബില്ല് പഞ്ചായത്തിനുതരുന്ന മുറയ്ക്ക് പണം നൽകുന്ന കാര്യം തീരുമാനിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് രാജൻ അമ്പാടത്ത്, സഹദ് അരിയൂർ, നൗഫൽ തങ്ങൾ തുടങ്ങിയവർ പറഞ്ഞു.