ചീഫ് ഇലക്ട്രറൽ ഓഫീസർ അട്ടപ്പാടിയിൽ ; സിഇഒ @ ഉന്നതി പദ്ധതിക്കു തുടക്കം
1592422
Wednesday, September 17, 2025 8:26 AM IST
അഗളി: പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്ഐ ആർ) നടപ്പിലാക്കുന്നതിനു മുന്നോടിയായി ചീഫ് ഇലക്ട്രറൽ ഓഫീസർ രത്തൻ യു. ഖേൽക്കറിന്റെ നേതൃത്വത്തിൽ സിഇഒ @ ഉന്നതി - ഗെറ്റ് റെഡി ഫോർ എസ്ഐആർ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.
പദ്ധതിയുടെ ഭാഗമായി സിഇഒ അട്ടപ്പാടി മേഖലയിലെ ഉന്നതികളായ ആനവായ്, ചിണ്ടക്കി ഉന്നതികളാണ് സന്ദർശിച്ചത്. ചീഫ് ഇലക്ട്രറൽ ഓഫീസർ ജനങ്ങളുമായി സംവദിക്കുകയും, ഉന്നതിയിലെ വീടുകളിൽ സന്ദർശനം നടത്തി രേഖകൾ പരിശോധിക്കുകയും ചെയ്തു. ഉന്നതിയിലെ എല്ലാവരുടെയും രേഖകൾ കൃത്യമാണെന്നും ആശങ്ക വേണ്ടെന്നും അദ്ദേഹം ജനങ്ങളെ അറിയിച്ചു.
വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങൾക്ക് അവബോധം നൽകിയ അദ്ദേഹം ഉന്നതിയിലെ കുടുംബശ്രീ യോഗത്തിലും പങ്കെടുത്തു. ഇലക്ട്രറൽ ലിറ്ററസി ക്ലബ്ബുകളുടെ പ്രവർത്തനത്തിന് സംസ്ഥാനത്ത് രണ്ടാംസ്ഥാനം നേടിയ ഐഎച്ച് ആർഡി കോളജ് അഗളി, മികച്ച നേട്ടങ്ങൾ കൈവരിച്ച രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജ് കോട്ടത്തറ തുടങ്ങിയ കോളജുകളിൽ മീറ്റ് ദ സിഇഒ പദ്ധതിലും പങ്കെടുത്തു.
വിദ്യാർഥികളുമായി സംവദിക്കുകയും, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയനിവാരണം നടത്തുകയും ചെയ്തു. ഇത്തരത്തിലുള്ള ബോധവത്കരണ ക്ലാസുകളും കാമ്പയിനുകളും ജനങ്ങൾക്കിടയിൽ കൂടുതൽ വ്യാപിപ്പിക്കണമെന്നും നിർദ്ദേശിച്ചു. അഡീഷണൽ ചീഫ് ഇലക്ട്രറൽ ഓഫീസർ ഷർമിള സി. നായർ, ഇലക്്ഷൻ ഡെപ്യൂട്ടി കളക്ടർ സജീദ്, അട്ടപ്പാടി തഹസിൽദാർ ഷാനവാസ് ഖാൻ, ഇലക്്ഷൻ അസിസ്റ്റന്റ് പി.എ. ടോംസ്, പുതൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അബ്ദുൽസലാം തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.