ചീഫ് ഇലക്ടറൽ ഓഫീസർ @ ഉന്നതി പദ്ധതിക്ക് ഇന്ന് അട്ടപ്പാടിയില്‍ തുടക്കം
1591928
Tuesday, September 16, 2025 12:21 AM IST
പാലക്കാട്: തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരും ഭാഗമാകുന്നു എന്നുറപ്പുവരുത്തുന്നതിന്റെ ഭാഗമായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കറിന്റെ നേതൃത്വത്തില്‍ സിഇഒ @ ഉന്നതി പദ്ധതിക്ക് അട്ടപ്പാടിയില്‍ ഇന്നു തുടക്കമാകും.
സ്പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന മുന്നൊരുക്ക അവലോകനയോഗത്തിൽ സിഇഒ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. അട്ടപ്പാടി ആനവായിലെ ഉന്നതിയില്‍ രാവിലെ 11.30 ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നേരിട്ടു സന്ദര്‍ശിച്ചാണ് പദ്ധതി ആരംഭിക്കുന്നത്. അട്ടപ്പാടിയിലെ ഏറ്റവും വിദൂര പോളിംഗ്സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ആനവായ്. എല്ലാ ജില്ലയിലും ഇത്തരത്തിലുള്ള ഉള്‍പ്രദേശങ്ങള്‍ സിഇഒ നേരില്‍ സന്ദര്‍ശിക്കും.
2002 ലെ എസ്ഐആർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ പേരുകൾ 2025 ലെ നിലവിലുള്ള പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും, കൂടാതെ വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിന് ആവശ്യമായ രേഖകള്‍ വിദൂരപ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ കൈവശം പോലുമുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും എല്ലാവരും വോട്ട് ചെയ്യുമെന്ന് ഉറപ്പുവരുത്തുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
യോഗത്തിൽ അഡീഷ്ണല്‍ ചീഫ് ഇലക്്ഷന് ഓഫീസര്‍ സി. ശര്‍മിള, ഇലക്്ഷന് ഡെപ്യൂട്ടി കളക്ടര്‍ എസ്. സജീദ്, ജില്ലാ തെരഞ്ഞെടുപ്പ് അസിസ്റ്റന്റുമാരായ പി.എ. ടോംസ്, കെ. കിഷോര്‍, ജില്ലയിലെ എ ഇആര്‍ഒ മാര്‍, മറ്റു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.