നിർമാണോദ്ഘാടനം കഴിഞ്ഞ് അഞ്ചുവർഷം; ബൈപാസ് റോഡ് യാഥാർഥ്യമായില്ല
1592479
Thursday, September 18, 2025 1:15 AM IST
നെന്മാറ: ബസ് സ്റ്റാൻഡ് - അയിനംപാടം ബൈപ്പാസ് റോഡ് നിർമാണം ഉദ്ഘാടനം കഴിഞ്ഞ് അഞ്ചുവർഷം. പ്രഖ്യാപിച്ച നവീകരിച്ച നിർമാണം നടന്നില്ല. നിലവിലെ റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായി.
നെന്മാറ അയിനംപാടം ജലസേചന വകുപ്പ് കനാൽ ബണ്ട് റോഡ് നവീകരിച്ച് വീതി കൂട്ടി അയിനംപാടം ജംഗ്ഷനിൽ നിന്നും അടിപ്പെരണ്ട റോഡ് മുറിച്ചു കടന്ന് നെന്മാറ ബസ് സ്റ്റാൻഡുമായി ബന്ധിപ്പിക്കാനുള്ള പദ്ധതിയാണ് ഉദ്ഘാടനത്തിൽ ഒതുങ്ങിയത്.
നിലവിൽ ഉണ്ടായിരുന്ന കനാൽബണ്ട് റോഡ് നെന്മാറ ടൗണിൽ നിന്നുള്ള തിരക്ക് കുറയ്ക്കാനും അയിനംപാടത്തുനിന്ന് നെന്മാറ പുതുഗ്രാമം, പഴയ ഗ്രാമം, ഗേൾസ് ഹൈസ്കൂൾ, വക്കാവ് തുടങ്ങി വിവിധ പ്രദേശങ്ങളിലേക്ക് നെന്മാറ ടൗണിൽ പ്രവേശിക്കാതെ തൃശൂർ റോഡിൽനിന്ന് എത്താമെന്നും നെന്മാറ ടൗണിലെ തിരക്ക് ഇതുമൂലം കുറയ്ക്കാമെന്നുമുള്ള സാധ്യതകണ്ടാണ് നെന്മാറ ഗ്രാമപഞ്ചായത്ത് റോഡ് നിർമാണത്തിന് പദ്ധതി തയ്യാറാക്കിയത്. അതോടൊപ്പം നെന്മാറ ബസ് സ്റ്റാൻഡിൽ നിന്ന് നെന്മാറ ജംഗ്ഷൻ വരെയുള്ള തിരക്ക് കുറയ്ക്കാൻ കഴിയുമെന്നായിരുന്നു പ്രഖ്യാപനം.
നെന്മാറ ബസ് സ്റ്റാൻഡിൽ നിന്ന് ക്രിസ്തുരാജ പള്ളിക്കു മുൻവശത്ത് കൂടെ കൃഷിഭവൻ, വില്ലേജ് ഓഫീസ് പരിസരത്ത് കൂടെ കനാല് ബണ്ട് റോഡ് വഴി അയിലൂർ റോഡിൽ എത്തുന്നതാണ് രണ്ട് ഘട്ടമായുള്ള നെന്മാറ പഞ്ചായത്ത് ബൈപ്പാസ് റോഡ്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുൻപായി അന്നത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പ്രേമൻ റോഡ് നിർമാണ ഉദ്ഘാടനവും നടത്തിയിരുന്നു. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ പിന്നീട് ഉയർന്നു വന്നതോടെയാണ് പദ്ധതി നടപ്പാക്കാതെ പോയതെന്നാണ് അധികൃതർ പറയുന്നത്.
രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന നെന്മാറ ടൗണിലെ തിരക്ക് ഒഴിവാക്കുന്നതിനായി അയിനംപാടം നെന്മാറ ബസ് സ്റ്റാൻഡ് ബൈപ്പാസ് യാഥാർഥ്യമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു. കനാൽ ബണ്ട് റോഡ് വർഷങ്ങളായി നവീകരണം നടത്താത്തത് മൂലം പ്രദേശവാസികൾക്ക് ഈ റോഡിലൂടെ ഇരുചക്രവാഹനത്തിൽ പോലും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയായി.
നിർമാണ ഉദ്ഘാടനത്തിനുശേഷം പുതിയ പഞ്ചായത്ത് ഭരണസമിതി നിലവിൽ വന്നെങ്കിലും നേരത്തെ ഉണ്ടായിരുന്ന പ്രഖ്യാപനത്തിന് മേൽനടപടികൾ സ്വീകരിച്ചില്ല.
പ്രദേശവാസികളുടെ നിരന്തര സമ്മർദ്ദത്തെ തുടർന്ന് അയിനംപാടം ഭാഗത്ത് 50 മീറ്റർ ദൂരം അടുത്തിടെ കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയതും ബൈപ്പാസ് റോഡ് എന്ന ബോർഡ് സ്ഥാപിച്ചതും മാത്രമാണ് അഞ്ചുവർഷം കൊണ്ട് ആകെയുണ്ടായ പുരോഗതി.