നാടിന്റെ അഴകറിവ് കോർത്തിണക്കി ടൂറിസം സർക്യൂട്ടിനു വഴിയൊരുക്കാം...
1591931
Tuesday, September 16, 2025 12:21 AM IST
എം.വി. വസന്ത്
പാലക്കാട്: സോഷ്യൽമീഡിയകളിൽമാത്രം കുറിപ്പിടുന്നവരുടെ ശ്രദ്ധയ്ക്ക്. നാടിന്റെ ചരിത്രവും പൈതൃകസൗന്ദര്യവും സുവർണലിപികളിൽ പകർത്താൻ ഇനി നിങ്ങൾ ഓരോരുത്തർക്കും അവസരം.
പാലക്കാടിന്റെ അറിയപ്പെടാത്ത ചരിത്രവും പൈതൃകവുമെല്ലാം ലോകമെന്പാടും വിരൽത്തുന്പിൽ ലക്ഷ്യമാക്കാനാണ് ഇവിടൊരു കൂട്ടായ്മ തയാറെടുക്കുന്നത്.
പാൽഘാട്ട് ഹിസ്റ്ററി ക്ലബ് വിഭാവനംചെയ്ത ഹിസ്റ്ററി ടൂറിസം സർക്യൂട്ട് എന്ന ആശയത്തിന്റെ പ്രാരംഭഘട്ടം അണിയറയിൽ ഒരുങ്ങുകയാണ്.
പാൽഘാട്ട് ഹിസ്റ്ററി ക്ലബ്, ഫോർട്ട് പെഡലേഴ്സ് പാലക്കാട്, അകത്തേത്തറ ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റി, വിക്ടോറിയ കോളജ് ഹിസ്റ്ററി വിഭാഗം പ്രാദേശിക ചരിത്രപഠനകേന്ദ്രം, ഡെക്കാത്ലൺ, സഹ്യാദ്രി നേച്ചർ ഓർഗനൈസേഷൻ പാലക്കാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ആശയം യാഥാർഥ്യമാക്കുന്നത്. പാലക്കാടിന്റെ ചരിത്രവും പൈതൃകവുമായ നിർമിതികളും സ്ഥലങ്ങളും കോർത്തിണക്കി വിവരശേഖരണത്തിനു പൊതുജനങ്ങളെ പങ്കാളികളാക്കിയാണ് ദൗത്യം പൂർത്തിയാക്കുക.
സ്ഥലം ഏതെന്നു അവരവർക്കു തെരഞ്ഞെടുക്കാം. ഫോട്ടോയും കുറിപ്പും പ്രത്യേക ഗൂഗിൾഫോമിലൂടെ അപ്ലോഡ് ചെയ്യാം.
അങ്ങനെ ഒരു സ്ഥലത്തിന്റെ തന്നെ വിവിധതരം വിവരങ്ങൾ കോർത്തിണക്കി പുതിയ ഡാറ്റ തയാറാക്കാനാണ് പദ്ദതിയിലൂടെ ലക്ഷ്യമിടുന്നത്. പാലക്കാടിന്റെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ചരിത്രവും പൈതൃക നിർമിതിയുമെല്ലാം പൊതുഅറിവായി മാറ്റുകയാണ് ലക്ഷ്യമിടുന്നത്.
പാലക്കാടിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി പുതിയ ടൂറിസം ഡെസ്റ്റിനേഷനുകൾ സൃഷ്ടിച്ചെടുക്കുന്നതിനൊപ്പം പൈതൃക സംരക്ഷണവും യാഥാർഥ്യമാകുമെന്നു അണിയറക്കാർ പ്രതീക്ഷിക്കുന്നു.
വൈവിധ്യമാർന്ന ആഖ്യാനരീതികൾ അവലംബിക്കാമെന്നും വിവരങ്ങൾ ആധികാരികമാക്കാൻ പരമാവധി ശ്രമിക്കുന്നതു ഉത്തമമായിരിക്കുമെന്നും അണിയറക്കാർ പറയുന്നു. ആദ്യഘട്ടത്തിൽ പാലക്കാട് നഗരത്തിനോടു ചേർന്ന പ്രദേശങ്ങളിലാണ് പദ്ധതി തുടങ്ങുന്നത്. ഇരുപത്തിരണ്ടോളം സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്.
കല്പാത്തി പഴയപാലം, കല്പാത്തി ഗ്രാമം, ജൈനിമേട് ജൈനക്ഷേത്രം, വിക്ടോറിയ കോളജ്, പ്രിൻസിപ്പലിന്റെ ബംഗ്ളാവ്, മോയൻസ് സ്കൂൾ, ഉറുദു പള്ളി, ആർഡിഒ ബംഗ്ലാവ്, ആർഡിഒ ഓഫീസ്, പാലക്കാട് ടൗണ് റെയിൽവേ സ്റ്റേഷൻ, ആദ്യകാല കോടതി (ജില്ലാ ആശുപത്രി), അഞ്ചുവിളക്ക്, മുനിസിപ്പൽ ഓഫീസ്, ടിപ്പുസുൽത്താൻ കോട്ട, സിഎസ്ഐ സെമിത്തേരി, സിഎസ്ഐ പള്ളി, സർക്കാർ വെയർഹൗസ്, ബിഇഎം സ്കൂൾ, കെഎസ്ഇബി ഓഫീസ്, പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷൻ, വലിയങ്ങാടി, സിഎസ്ഐ ചർച്ച് ഓഫ് ഹോപ് എന്നീ സ്പോട്ടുകളിലാണ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദ്യഘട്ടം വിവരശേഖരണം നടത്തുക.