വടക്കഞ്ചേരി ടൗണിലെ നടത്തം അത്ര സുഖകരമല്ല
1592421
Wednesday, September 17, 2025 8:26 AM IST
വടക്കഞ്ചേരി: ടൗണിൽ നടപ്പാതകളിലൂടെയുള്ള യാത്രയും ഇപ്പോൾ അത്ര സുഖകരമല്ല. ഒരുഭാഗത്ത് കച്ചവടസാധനങ്ങളെല്ലാം ഇറക്കിവച്ച് നടപ്പാതയുടെ വീതി നന്നേ ചുരുങ്ങി.
ഇതിനിടയിൽ വഴിയോരവാണിഭം എന്ന ഓമനപ്പേരിലുള്ള കച്ചവടക്കാരുടെ സാധനങ്ങൾ നിറയും. നടപ്പാതയുടെ മറുഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ഹാൻഡ് റെയിലുകളിൽ ഇപ്പോൾ എല്ലാ വിഭാഗങ്ങളുടെയും കൊടികളും തോരണങ്ങളും ബോർഡുകളുമാണ്. പരിപാടി കഴിഞ്ഞാൽപോലും കൊടികൾ അഴിച്ചു മാറ്റാത്തതിനാൽ അതിന്റെ അലകുകളും വടികളുമെല്ലാം അലങ്കോലമായികിടന്ന് വഴിനടക്കാനാകാത്ത സ്ഥിതിയായിരിക്കുകയാണ്.
മുമ്പൊക്കെ പരിപാടി കഴിഞ്ഞാൽ പിറ്റേദിവസംതന്നെ ബാനറുകളും കൊടികളും അഴിച്ചുമാറ്റുന്ന സാമാന്യമര്യാദ പാലിക്കപ്പെട്ടിരുന്നു. ഇപ്പോൾ അതും ഇല്ലാതായി. എന്തുചെയ്താലും ആരും ചോദിക്കാനോ പറയാനോ ഇല്ലാത്തതിനാൽ നാഥനില്ലാത്ത സ്ഥിതിയിലാണ് വടക്കഞ്ചേരി ടൗൺ. നടപ്പാത വിട്ട് ടാർ റോഡിലേക്കിറങ്ങിയാൽ അവിടെ വാഹനങ്ങൾ നിർത്തിയിട്ടുള്ള വഴിയോര കച്ചവടക്കാരുടെ ബഹളമാണ്. മറുഭാഗത്ത് ഓട്ടോറിക്ഷകളുടെ നീണ്ടനിരയുമുണ്ടാകും. ഇതിനിടയിലൂടെ നൂറുകണക്കിന് ബസുകൾക്കും പോകണം. ടൗണിൽ അത്യാവശ്യങ്ങൾക്ക് വരുന്നവരുടെ വാഹനങ്ങൾക്കും കടന്നു പോകണം. ഇതിനിടയിലൂടെ വേണം കാൽനടയായുള്ളവർക്കു പോകാൻ.
ബ്യൂട്ടിഫിക്കേഷൻ പദ്ധതി പാളി
2021ൽ ഓഗസ്റ്റിൽ ബ്യൂട്ടിഫിക്കേഷൻ ഓഫ് ബസാർ റോഡ് എന്ന പേരിൽ മൂന്നര കോടി രൂപ ചെലവഴിച്ച് റോഡ് നിർമാണവും നടപ്പാത നിർമാണവും നടത്തിയപ്പോൾ ടൗണിന്റെ മുഖം മിനുങ്ങും എന്നായിരുന്നു എല്ലാവരുടെയും കണക്കുകൂട്ടൽ. എന്നാൽ കോടികൾ ചെലവഴിച്ചതല്ലാതെ അതിന്റെ പ്രയോജനം ടൗണിലെത്തുന്നവർക്ക് ലഭ്യമാകുന്നില്ല.
പച്ചക്കറികൾ, പഴങ്ങൾ, പച്ചമത്സ്യം തുടങ്ങിയവയുമായി ടൗണിലെ തിരക്കേറിയ റോഡിൽ നിർത്തിയിട്ടാണ് പെട്ടിഓട്ടോറിക്ഷകൾ കച്ചവടം നടത്തുന്നത്. ഒരു വർഷം മുമ്പ് നടന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ ബന്ധപ്പെട്ട അധികാരികൾ പറഞ്ഞതെല്ലാം പാഴ്വാക്കുകളായെന്ന് വ്യാപാരികൾ ഉൾപ്പെടെ മീറ്റിംഗിൽ പങ്കെടുത്തവർ പറയുന്നു. പെട്ടിഓട്ടോറിക്ഷകൾ റോഡിൽ നിർത്തിയിടുന്നത് പെർമിറ്റ് ലംഘനമായികണ്ട് നടപടിയെടുക്കും എന്നൊക്കെയായിരുന്നു യോഗത്തിൽ അധികാരികൾ വിശദീകരിച്ചത്. പക്ഷെ, ഒന്നും നടക്കുന്നില്ല. എവിടെയോ ഇരുന്ന് ചില അദൃശ്യശക്തികൾ അനധികൃത നടപടികൾക്കെല്ലാം പിന്തുണ നൽകുന്നു എന്നാണ് ജനസംസാരം.