ഇരട്ടക്കുളം- ഗോപാലപുരം പാത നവീകരണം: പരിഹാരത്തിനു ഹർത്താൽ നടത്താനൊരുങ്ങി നാട്ടുകാർ
1592415
Wednesday, September 17, 2025 8:26 AM IST
കൊഴിഞ്ഞാമ്പാറ: ഇരട്ടക്കുളം - ഗോപാലപുരം പാതയുടെ തകർച്ച മൂലം വാഹന അപകടങ്ങളും തുടർമരണങ്ങളും നിർബാധം തുടരുന്നതിൽ യാത്രക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധം വർധിക്കുന്നു. കഴിഞ്ഞ 10 മാസത്തിനിടെ നടന്ന 40 ൽ കൂടുതൽ വാഹന അപകടങ്ങളിൽ നിരത്തിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം പത്തിൽ കൂടുതലാണ്.
ഒരു മാസത്തിനു മുന്പ് പത്തു വയസുകാരി പഠിക്കുന്ന കരുവപ്പാറയ്ക്കു സമീപത്തെ സ്കൂളിനു മുന്നിൽ ബസ് അപകടത്തിൽ മരണപ്പെട്ടത് ഏറെ പ്രതിഷേധത്തിനിടവരുത്തിയിരുന്നു. ജനം ദീർഘനേരം മണിക്കൂറുകളോളം റോഡിൽ കുത്തിയിരുന്നു സമരം നടത്തിയിരുന്നു.
നിലവിൽ പാലക്കാട്, പാറ, കൂട്ടുപ്പാത ഭാഗത്തു നിന്നും പൊള്ളാച്ചിയിലക്ക് ഇരട്ടക്കുളം വഴി ഗോപാലപുരം ഭാഗത്തേക്ക് വാഹനങ്ങളിൽ സഞ്ചരിക്കാൻ ഭയപ്പെടുന്ന അവസ്ഥയാണ്.
റോഡിലുടനീളം പാതാളഗർത്തങ്ങൾ കാരണം നിയന്ത്രണം വിട്ട വാഹനങ്ങൾ നേർക്കുനേർ ഇടിച്ചും താഴെവീണുമാണ് മിക്ക അപകടങ്ങളും നടന്നിട്ടുള്ളത്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും പലതവണ പ്രതിഷേധ സമരങ്ങൾ നടത്തിയിരുന്നു.
സംഭവസമയത്ത് സ്ഥലത്തെത്തുന്ന പൊതുമരാമത്തു അധികൃതരും പോലീസും അടിയന്തരനടപടി ഉണ്ടാവുമെന്ന് ഉറപ്പുനൽകി പിരിഞ്ഞുപോയാൽ പിന്നീട് വീണ്ടും അപകടം നടക്കുന്പോഴാണ് അധികാരികൾ വീണ്ടും എത്തുന്നത്.
നൂറുകണക്കിനു വാഹനങ്ങൾ നിരന്തരം സഞ്ചരിക്കുന്ന ഇരട്ടക്കുട്ടം -ഗോപാലപുരം പാത വീതികൂട്ടി സഞ്ചാരയോഗ്യമാക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം. സമരങ്ങൾ നടന്നാൽ ഗർത്തങ്ങളിൽ എം സാൻഡ് വിതറി പൊതുമരാമത്ത് സ്ഥലംവിടുകയാണ്.
ഒരു ചെറുമഴ പെയ്താലും വീണ്ടും ഗർത്തങ്ങൾ ഉണ്ടാവുന്നതു പതിവായിരിക്കുകയാണ്. പൊതുമരാമത്തിന്റെ നിരന്തര അവഗണയിൽ പ്രതിഷേധിച്ച് യാത്രക്കാർ കൊഴിഞ്ഞാമ്പാറയിൽ ഹർത്താൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്.