കരടിയോട് പാലം ഉദ്ഘാടനത്തിനൊരുങ്ങി
1592420
Wednesday, September 17, 2025 8:26 AM IST
മണ്ണാർക്കാട്: മലയോര ജനതയുടെ സ്വപ്നപദ്ധതിയായ കരടിയോട് പാലം ഉദ്ഘാടനത്തിനൊരുങ്ങി. 19ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്തിന്റെ 40 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം പൂർത്തീകരിച്ചത്. മലയോര മേഖലയായ കരടിയോട്, തോട്ടപ്പായ് പ്രദേശങ്ങളിലുള്ളവരുടെ സ്വപ്നപദ്ധതിയാണ് കരടിയോട് പാലം. മഴ തുടങ്ങിയാൽ തോട്ടപ്പായ് കരടിയോട് മേഖലകൾ ഒറ്റപ്പെടുക പതിവാണ്. പാലം യാഥാർഥ്യമാകുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും. ഇതുകൂടാതെ ഇരട്ടവാരി- കരടിയോട്- കണ്ടമംഗലം സംസ്ഥാനപാതയുടെ പ്രധാന ഭാഗം കൂടിയാണ് കരടിയോട് പാലം എന്നുള്ളത്.
സംസ്ഥാനപാതയുടെ നവീകരണവും നാട്ടുകാർ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞവർഷം തോട്ടപ്പായ് മുതൽ 30ഏക്കർവരെ നാട്ടുകാർ സ്ഥലംവിട്ടു നൽകി റോഡ് നവീകരിക്കുന്നതിനു വേണ്ട സൗകര്യമൊരുക്കിയിരുന്നു.
പൊതുമരാമത്ത് വകുപ്പ് സർവേ നടത്തുകയും റോഡിന്റെ അതിർത്തി നിശ്ചയിക്കുകയും നേരത്തെ ചെയ്തിരുന്നു. എന്നാൽ ഫണ്ടില്ലെന്ന കാരണം പറഞ്ഞ് പ്രവൃത്തിയൊന്നും ഇതുവരെ നടത്തിയിട്ടില്ല.
2009 ൽ പൊതുമരാമത്ത് ഏറ്റെടുത്തതാണ് കണ്ടമംഗലം കരടിയോട് ഇരട്ടവാരി പാത. ഇതേ വർഷം ജില്ലയിൽ 84 റോഡുകൾ പൊതുമരാമത്ത് വിവിധ പഞ്ചായത്തുകളിൽ നിന്നും ഏറ്റെടുത്തിരുന്നു. അതിൽ ഈ പാത മാത്രമാണ് രണ്ടറ്റവും മുട്ടാതെ കിടക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്.