പൊറുതിമുട്ടിച്ച് കാട്ടാനകൾ; റബർമരത്തിനും രക്ഷയില്ല
1591929
Tuesday, September 16, 2025 12:21 AM IST
മണ്ണാർക്കാട്: കാട്ടാനകളെകൊണ്ട് പൊറുതിമുട്ടി മലയോര കർഷകർ. ഏക വരുമാനമാർഗമായ റബർ കൃഷികൂടി വ്യാപകമായി നശിപ്പിക്കാൻ ആരംഭിച്ചതോടെയാണ് കർഷകർ പ്രതിസന്ധിയിലായത്.
റബർ മരങ്ങളുടെ തൊലി പൊളിച്ചു ഭക്ഷിക്കാൻ തുടങ്ങിയതോടെയാണ് കർഷകർ വെട്ടിലായത്. കഴിഞ്ഞദിവസം കരടിയോട്ടിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വെട്ടിക്കാട്ടിൽ ദേവരാജന്റെ ഇരുപതോളം റബർ മരങ്ങളുടെ തൊലിപൊളിച്ച് ഭക്ഷിച്ചിരുന്നു.
ഈ മരങ്ങളിൽ ടാപ്പ് ചെയ്യാനാവില്ല. കൂടാതെ മരങ്ങൾ ഉണങ്ങിപ്പോവുകയും ചെയ്യും. ഫലത്തിൽ ഇരുപതും മുപ്പതും വർഷമായ റബർമരങ്ങൾ കർഷകന് നഷ്ടമാകുന്ന അവസ്ഥയാണ് സംഭവിക്കുന്നത്. കാട്ടാനശല്യം കാരണം തെങ്ങ്, കവുങ്ങ് കൃഷികൾ പാടെ ഉപേക്ഷിച്ചാണ് കർഷകർ റബർകൃഷിയിലേക്കിറങ്ങിയത്. ഇപ്പോൾ റബർകൃഷിയും നഷ്ടമാകുന്ന അവസ്ഥയിലാണ്.
വനാതിർത്തിയിൽ വൈദ്യുതി കമ്പിവേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ യാതൊരു ഗുണവും ചെയ്യുന്നില്ല.
കാട്ടാനകൾ നാട്ടിൽ ഇറങ്ങാതിരിക്കാൻ ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കർഷകർ മുറവിളി കൂട്ടുന്നുണ്ടെങ്കിലും വനംവകുപ്പ് പരിഹാരമൊന്നും ചെയ്യുന്നില്ല. കഴിഞ്ഞ ദിവസം കരടിയോടിനുസമീപം നെല്ലിക്കുന്ന് ജനവാസമേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു.
വനാതിർത്തികളിലെ സോളാർ
വേലികൾ സ്മാർട്ടാകുന്നു
മണ്ണാർക്കാട്: വന്യജീവിശല്യം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനാതിർത്തികളിൽ സ്ഥാപിക്കുന്ന സോളാർവേലികളും ഇനിമുതൽ സ്മാർട്ടാകുന്നു. പ്രതിരോധവേലികളിലുണ്ടാകുന്ന തകരാറുകൾ യഥാസമയം പരിഹരിച്ച് പ്രവർത്തനക്ഷമമായി നിലനിർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വേലികളിലെ സോളാർ പാനലിന്റെ ബോക്സുകളിൽ പ്രത്യേക സ്മാർട്ട് ഡിവൈസുകൾ സ്ഥാപിക്കുകയും തകരാറുകൾ സംഭവിച്ചാൽ ഉടൻ കൺട്രോൾറൂമിലേക്ക് സന്ദേശമെത്തുകയും ചെയ്യുന്ന രീതിയിലാണ് ക്രമീകരണം. തുടർന്ന് ബന്ധപ്പെട്ട വനം വകുപ്പ് മേഖല ഓഫീസുകളിലേക്ക് സന്ദേശം അയച്ച് ഉടനടി പ്രശ്നപരിഹാരമുണ്ടാക്കും.
തകരാർ പരിഹരിക്കാനുള്ള ഉപകരണങ്ങൾ അടങ്ങുന്ന റൂമുകളും (ടൂൾ റൂം) തയാറാക്കി വരികയാണ്. തൂണുകളും കമ്പികളും സോളാർ പാനലുകളും ബാറ്ററികളും ഉൾപ്പെടെ വേലിക്കാവശ്യമായ എല്ലാവിധ സജ്ജീകരണങ്ങളും അടങ്ങുന്നതാണ് ടൂൾറൂം.