പട്ടഞ്ചേരിയിൽ പൂട്ടിയിട്ട കടയിൽ അഗ്നിബാധ: ലക്ഷങ്ങളുടെ നഷ്ടം
1591673
Monday, September 15, 2025 1:10 AM IST
വണ്ടിത്താവളം: പട്ടഞ്ചേരിയിൽ പൂട്ടിയ വ്യാപാരത്തിലുണ്ടായ അഗ്നിബാധയിൽ ലക്ഷങ്ങളുടെ നഷ്ടം. കരിപ്പാലി മോഹനന്റെ മകൻ കിഷോറിന്റേതാണ് പലചരക്ക് വ്യാപാരസ്ഥാപനം.
സ്ഥാപനത്തിന്റെ ഒന്നാം നിലയിൽ കുടുങ്ങിയ മോഹനന്റെ ഭാര്യ രാജലക്ഷ്മിയെ സംഭവമറിഞ്ഞെത്തിയ യുവാക്കൾ അതിസാഹസികമായി രക്ഷപ്പെടുത്തി. ഇന്നലെ പുലർച്ചെ 5.15 നാണ് തീപിടിത്തമുണ്ടായത്.
മോഹനനും ഭാര്യ രാജലക്ഷ്മിയും മാത്രമാണ് മുകളിലത്തെ നിലയിൽ താമസിച്ചിരുന്നത്.
മോഹനൻ പുലർച്ചെ 4.45 ന് പൊള്ളാച്ചിയിലേക്ക് പലചരക്ക് സാധനങ്ങൾ വാങ്ങാൻ പോയ സമയത്തായിരുന്നു തീപിടിത്തം. എതിർവശത്ത് ചായക്കടയിലുണ്ടായിരുന്ന ഷാജഹാൻ, ശിവാനന്ദൻ അറുമുഖൻ, ദാസൻ, മുജീബ് എന്നിവരാണ് വീടിന്റെ സൺഷേഡിൽ കയറി രാജലക്ഷ്മിയെ കയറിൽ ബന്ധിച്ചു പുറത്തെത്തിച്ചത്.വ്യാപാരസ്ഥാ പനത്തിലുണ്ടായിരുന്നു ലക്ഷക്കണക്കിനു വിലമതിക്കുന്ന ഉരുപ്പടികൾ സർവതും കത്തിയമർന്നു.
വിവരം ലഭിച്ചതിനെ തുടർന്നു ചിറ്റൂർ അഗ്നിരക്ഷാസേന=യെത്തി പ്രയത്നിച്ചതിനാൽ തീപടരുന്നത് ഒഴിവായി.
ഓഫീസർമാരായ പി. സതീഷ്കുമാർ, വി. കൃഷ്ണദാസ്, എം. സന്തോഷ്, ലിജു, രാജേഷ് എന്നിവരാണ് ഒരുമണിക്കൂറോളം പണിപ്പെട്ട് തീയണച്ചത്.