കാട്ടുപന്നികളെ നിയന്ത്രിക്കാൻ നടപടിയില്ലെന്ന് ആക്ഷേപം
1461576
Wednesday, October 16, 2024 6:47 AM IST
വടക്കഞ്ചേരി: കാട്ടുപന്നികൾമൂലം ജനങ്ങൾക്കു യാത്രചെയ്യാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ. മുമ്പൊക്കെ രാത്രികാലങ്ങളിലായിരുന്നു ഇവ കൂട്ടത്തോടെ നാട്ടിലിറങ്ങി കൃഷിയിടങ്ങളിൽ എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ രാപ്പകൽവ്യത്യാസമില്ലാതെയാണ് പന്നിക്കൂട്ടങ്ങൾ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ എത്തി ആക്രമിക്കുന്ന സ്ഥിതിയിലേക്ക് മാറിയിട്ടുള്ളത്.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയ്ക്കാണ് മംഗലംഡാം - പറശേരി റോഡിൽ ചപ്പാത്ത് പാലത്തിനു സമീപം വച്ച് പന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ ബൈക്ക് യാത്രികരായ രണ്ടു വയസുകാരൻ ഉൾപ്പെടെ മൂന്നുപേർക്ക് സാരമായി പരിക്കേറ്റത്. കണ്ണുചിമ്മി തുറക്കുന്ന സമയം ഇവ റോഡിന് കുറുകെ പായും. ഈ സമയം റോഡിൽ വാഹനം എത്തിപ്പെട്ടാൽ എങ്ങനെയൊക്കെ അപകടം സംഭവിക്കുമെന്ന് പറയാനാകില്ല.
ഇരുചക്രവാഹന യാത്രികരും ഓട്ടോറിക്ഷകളുമാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. ഒരു വർഷം മുമ്പാണ് മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷനു സമീപം കരിങ്കയത്ത് പന്നിക്കൂട്ടം റോഡിനു കുറുകെ പാഞ്ഞ് ഓട്ടോയിൽ ഇടിച്ച് ഓട്ടോമറിഞ്ഞ് ഡ്രൈവറായിരുന്ന കിഴക്കഞ്ചേരി വക്കാല ആലംപള്ളം സ്വദേശിനി വിജീഷ് സോണിയ (36) മരിച്ചത്.
ഈ അപകടത്തിനു മുമ്പ് വിജിഷ അപകടത്തിൽപ്പെട്ട സ്ഥലത്തിന് അടുത്തുവച്ച് തന്നെ മംഗലംഡാം പറശേരി സ്വദേശി വേലു (56) ടാപ്പിംഗ് ജോലിക്കായി ബൈക്കിൽ പോകുമ്പോൾ പന്നിക്കൂട്ടം ആക്രമിച്ച് മരിക്കാനിടയായി. ഒരു വർഷം മുമ്പ് വടക്കഞ്ചേരി ആയക്കാട് വച്ച് ഓട്ടോറിക്ഷയിൽ പന്നിയിടിച്ച് വടക്കഞ്ചേരി ചന്തപ്പുര സ്വദേശി ഓട്ടോ ഡ്രൈവറായ ഹക്കീം (49) മരിച്ചിരുന്നു. ഈയടുത്ത കാലത്ത് തന്നെ പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റവർ നിരവധി പേരുണ്ട്.
ഒരാഴ്ച മുമ്പാണ് കൊളക്കോട് വീടിനു മുന്നിൽ വച്ച് 78 കാരനായ കൂട്ടത്തിനാലിൽ വർഗീസിന് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. രണ്ടുമാസം മുമ്പ് കല്ലിങ്കൽപാടം റോഡിൽ പന്നി ഇടിച്ച് വിളക്കാനാപ്പിള്ളിയിൽ ബിജുവിന്റെ മകൻ ക്രിസ്ത്യ ( 20) ന് പരിക്കേറ്റിരുന്നു. ഇളവമ്പാടം ആർപിഎസി നു സമീപം റോഡിന് കുറുകെ ഓടിയ പന്നി ഇടിച്ച് ഓട്ടോമറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു. എൽഐസി ഏജന്റ് കലാധരൻ ഉൾപ്പെടെയുള്ളവർക്കാണ് അന്ന് പരിക്കേറ്റത്. കഴിഞ്ഞ മേയ് 25നായിരുന്നു ഈ അപകടം.
കഴിഞ്ഞ ഏപ്രിൽ 24ന് അണക്കപ്പാറ ചെല്ലുപടി റോഡിൽ കാട്ടുപന്നിയിടിച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് സാരമായ പരിക്കേറ്റു. എരിമയൂർ സ്വദേശി അഷറഫി (50)നാണ് പരിക്കേറ്റത്. ദേശീയപാതയിൽ ചുവട്ടുപാടത്ത് കുറുകെ ഓടിയ പന്നി ഓട്ടോയിൽ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. ആയക്കാട് കൂമാങ്കോട്ടിൽ പന്നിയിടിച്ച് ഓട്ടോ മറിഞ്ഞ് നാലു പേർക്ക് പരിക്കേറ്റിരുന്നു.
മഞ്ഞപ്രയിൽ കുന്നത്ത് വീട്ടിൽ നാരായണൻ (57) ദമ്പതികളായ മംഗലംഡാം ഓടംതോട് സുരേഷ് (39) വത്സല (38) തുടങ്ങിയവരും പന്നിയുടെ ആക്രമത്തിനിരയായവരാണ്.
നൂറുകണക്കിന് പന്നികളാണ് ഓരോ പ്രദേശത്തും തിങ്ങിനിറഞ്ഞിട്ടുള്ളത്. ഒന്നോ രണ്ടോ പന്നികളെ മാത്രം വെടിവച്ച് നശിപ്പിച്ചതുകൊണ്ട് ഇവയുടെ പെരുപ്പം കുറക്കാനാകില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്.