ടെലിഫോൺ പില്ലറിലും വൈദ്യുത തൂണിലും ഇടിച്ച് കാർ മറിഞ്ഞു
1461572
Wednesday, October 16, 2024 6:47 AM IST
നെന്മാറ: നെന്മാറ ബസ് സ്റ്റാൻഡിനടുത്ത് റോഡരികിലെ ടെലഫോൺ പില്ലറിലും, വൈദ്യുത തൂണിലും ഇടിച്ച് കാർ മറിഞ്ഞു. തൃശൂർ ഭാഗത്തുനിന്നു വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. റോഡിലേക്ക് തലകീഴായി മറിഞ്ഞുവീണ കാർ മറ്റു വാഹനയാത്രികരും സ്ഥലത്ത് എത്തിയവരും ചേർന്ന് നിവർത്തിനിർത്തി. തിരുവനന്തപുരത്തു നിന്നും റെന്റ് എ കാർ എടുത്ത് നെല്ലിയാമ്പതിയിലെ ബിഎസ്എൻഎൽ വർക്ക് സൈറ്റിലേക്ക് പോവുകയായിരുന്ന തലശേരി സ്വദേശിയായ കെ. രമേശൻ (63) ആണ് അപകടത്തിൽപ്പെട്ടത്.
പരിക്കുകളില്ലാതെ രമേശൻ രക്ഷപ്പെട്ടു. കാറിന്റെ മുൻഭാഗവും വശത്തെ കണ്ണാടികളും പൊട്ടിയിട്ടുണ്ട്. അപകടത്തിൽപ്പെട്ട കാർ റോഡിന്റെ വശത്തേക്കു തള്ളിനീക്കി ഗതാഗതതടസം താത്കാലികമായി മാറ്റി.
ഇന്നലെ രാവിലെ 6.15നാണ് സംഭവം. കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നു സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. രമേശന്റെ സ്വന്തം കാർ വർക്ക്ഷോപ്പിലായതിനെതുടർന്നാണ് റെന്റ് എ കാർ ഉപയോഗിച്ച് നെല്ലിയാമ്പതിയിലേക്ക് വന്നത്.