പോത്തുണ്ടി ജലസേചന പദ്ധതി: കനാല്‍ കമ്മിറ്റി രൂപീകരിച്ചു
1461557
Wednesday, October 16, 2024 6:47 AM IST
നെന്മാറ: പോത്തുണ്ടി ജലസേചന പദ്ധതി കനാല്‍ കമ്മിറ്റി യോഗം ചേർന്നു. മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയരുടെ നേതൃത്വത്തിലാണ് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ യോഗം ചേർന്നത്.
പോത്തുണ്ടി പദ്ധതിക്ക് കീഴിലെ വിവിധ പാടശേഖരസമിതി ഭാരവാഹികൾ, കൃഷി ഓഫീസർമാർ പങ്കെടുത്തു. രണ്ടാം വിളയ്ക്കു മുമ്പ് ജലസേചന കനാലുകൾ വൃത്തിയാക്കണമെന്നും കനാലുകളുടെ അറ്റകുറ്റ പണികൾ പൂർത്തിയാക്കണമെന്നും കർഷകപ്രതിനിധികൾ ആവശ്യപ്പെട്ടു.സമയബന്ധിതമായി ജലവിതരണം നടത്തുന്നതിനും ഉൾപ്രദേശങ്ങളിൽ വെള്ളം ലഭ്യമാക്കുന്നതിനായി കാഡ കനാലുകൾ നവീകരിക്കണമെന്നും യോഗത്തിൽ ചർച്ചയായി.
നവംബർ 10ന് ജലവിതരണം ആരംഭിക്കുന്ന രീതിയിൽ ക്രമീകരണങ്ങൾ നടത്താമെന്നും. ജലസേചന വകുപ്പ് ഫണ്ട് ഉപയോഗിച്ച് ഇടത് വലതുകര കനാലുകളും ഉപകനാലുകളും വൃത്തിയാക്കുമെന്നും പോത്തുണ്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. അടുത്ത വിളയ്ക്കുള്ള ജലസേചന പദ്ധതി ഉപദേശക സമിതിയിലേക്കു അഞ്ച് അംഗങ്ങളെയും യോഗത്തിൽ തെരഞ്ഞെടുത്തു. മലമ്പുഴ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എം. പി. മുനീർ, പോത്തുണ്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സ്മിതാ ബാലകൃഷ്ണൻ, പോത്തുണ്ടി ഹെഡ് വർക്സ് അസിസ്റ്റന്റ് എൻജിനീയർ പി .പ്രമോദ്, ഇടതു - വലതുകര കനാലുകളുടെ ചുമതലയുള്ള അസിസ്റ്റന്റ് എൻജിനീയർ എം. രമ്യ, ഓവർസിയർമാരായ കെ. മണികണ്ഠൻ, എസ്. രമേശ് സംബന്ധിച്ചു.