ചിറ്റിലഞ്ചേരി ജപമാലറാണി പള്ളി തിരുനാളിന് ഇന്നു കൊടിയേറും
1461552
Wednesday, October 16, 2024 6:47 AM IST
നെന്മാറ: ചിറ്റിലഞ്ചേരി ജപമാലറാണി ദേവാലയത്തിൽ പരിശുദ്ധ ജപമാല റാണിയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ഇന്നു കൊടിയേറും.
വൈകുന്നേരം അഞ്ചിനു വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന വികാരി ഫാ. റെജി പെരുന്പിള്ളി കൊടിയേറ്റം നിർവഹിക്കും.
തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയും ജപമാലയും ലദീഞ്ഞും ഉണ്ടാകും. ഇന്നുമുതൽ 27 വരെ എല്ലാ ദിവസവും വിശുദ്ധ കുർബാനയും ജപമാലയും ലദീഞ്ഞും വൈകുന്നേരം 5.30 ന് നടക്കും.
26 ന് എല്ലാ വീടുകളിലേക്കും ജപമാല പ്രയാണം യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തും. വൈകുന്നേരം 3 ന് ജപമാല പ്രദക്ഷിണം ഗോമതി കുരിശുപള്ളിയിൽനിന്ന് പള്ളിയിലേക്കുണ്ടാകും.
തുടർന്ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ പിഎസ്എസ്പി ഡയറക്ടർ ഫാ. ജസ്റ്റിൻ കോലംകണ്ണി മുഖ്യകാർമികത്വം വഹിക്കും.
ഏഴിന് നടക്കുന്ന ഇടവക ദിനാഘോഷം മേലാർകോട് ഫെറോന വികാരി ഫാ. സേവ്യർ വളയത്തിൽ ഉദ്ഘാടനം ചെയ്യും. പ്രധാന തിരുനാളായ 27ന് വൈകുന്നേരം മൂന്നിനു നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് മംഗലപ്പുഴ സെമിനാരി പ്രഫസർ ഫാ. ജോർജ് നരിക്കുഴിയിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണവും നടക്കും.
28ന് രാവിലെ 6.30 ന് മരിച്ചവർക്കു വേണ്ടിയുള്ള വിശുദ്ധ കുർബാനയോടെ തിരുനാളിനു സമാപനമാകും. വികാരി ഫാ. ജോബിൻ മേലേമുറിയിൽ, കൈക്കാരൻമാരായ മാത്യു കാപ്പിൽ, ബേബി ആരിശേരിൽ, കണ്‍വീനർമാർ സ്റ്റാൻലി കുരുതുകുളങ്ങര, അഗസ്റ്റിൻ മഞ്ഞളി, ടെസി ആലക്കാപറന്പിൽ തുടങ്ങിയവർ തിരുനാളിനു നേതൃത്വം നൽകും.