തരൂർ പഞ്ചായത്ത് ഭരണത്തിനെതിരെ കോൺഗ്രസിന്റെ ഏകദിന ഉപവാസസമരം
1461235
Tuesday, October 15, 2024 6:04 AM IST
ആലത്തൂർ: തരൂർ പഞ്ചായത്തിലെ സിപിഎം ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ തരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ തരൂർ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ഏകദിന ഉപവാസ സമരം നടത്തി.
കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ ആകെ 6 കോടി രൂപ സിപിഎം ഭരണസമിതി ചെലവഴിക്കാതെ പാഴാക്കിയെന്നാണ് കോൺഗ്രസ് ആരോപണം. ഇതിൽ റോഡ് മെയിന്റനൻസിനായി ലഭിച്ച 2.75 കോടി പാഴാക്കിയതിന്റെ ഫലമായി തകർന്നുകിടക്കുന്ന പഞ്ചായത്തിലെ റോഡുകൾ ഉടൻ ഗതാഗതയോഗ്യമാക്കുക, ലൈഫ് ഭവനപദ്ധതി പ്രകാരം ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ പേർക്കും വീടും സ്ഥലവും അനുവദിക്കുക, നെൽകർഷകർക്കുള്ള ഉഴവുകൂലി തുക ഉടൻ അനുവദിക്കുക, തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിലും കൂലിയും യഥാസമയം അനുവദിക്കുക, പഞ്ചായത്തിൽ നിന്നും പൊതുജനങ്ങൾക്കാവശ്യമായ സർട്ടിഫിക്കറ്റുകൾ യഥാസമയം അനുവദിക്കുക, ഹരിതകർമസേന വീടുകളിൽ നിന്നും കടകളിൽ നിന്നും സ്വരൂപിച്ച പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ സർക്കാർ ഏജൻസികൾക്കു കൈമാറുക, പ്ലാസ്റ്റിക് വസ്തുക്കൾ സ്വകാര്യവ്യക്തികൾക്കു നൽകി നടത്തുന്ന അഴിമതി അവസാനിപ്പിക്കുക, അങ്കണവാടി നിയമനത്തിലെ സ്വജനപക്ഷപാതവും അഴിമതിയും അവസാനിപ്പിക്കുക, കുടുംബശ്രീ വായ്പയിലെ അഴിമതി അവസാനിപ്പിക്കുക, അത്തിപ്പൊറ്റ പൊതുശ്മശാനം നവീകരിക്കുക, പഞ്ചായത്ത് കുടിവെള്ള വിതരണത്തിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ഉപവാസ സമരം നടത്തിയത്. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. തോലനൂർ ശശിധരൻ ഉദ്ഘാടനം ചെയ്തു. തരൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ.അജിത്ത് കുമാർ അധ്യക്ഷനായി.