ആവർത്തനകൃഷി സബ്സിഡിക്കായി നെട്ടോട്ടമോടി റബർകർഷകർ
1461020
Monday, October 14, 2024 7:48 AM IST
വടക്കഞ്ചേരി: പുതിയ റബർകൃഷിക്കും റീപ്ലാന്റ്കൃഷിക്കും സബ്സിഡി ലഭിക്കുന്നതിനു നെട്ടോട്ടമോടി റബർകർഷകർ. സെപ്റ്റംബർ 23 മുതൽ നവംബർ ആദ്യംവരെയാണ് ഇതിനായുള്ള രേഖകൾ അപ്ലോഡ് ചെയ്യേണ്ടത്.
എന്നാൽ സെപ്റ്റംബർ 23 കഴിഞ്ഞ് ഒരു മാസത്തോളമാകുമ്പോഴും ഇപ്പോഴും സൈറ്റ് ഓപ്പണാകുന്നില്ല എന്നാണു കർഷകരുടെ പരാതി.
തിരക്ക് ഒഴിവാക്കാൻ നേരത്തെതന്നെ രേഖകളെല്ലാം സംഘടിപ്പിച്ച് അക്ഷയ കേന്ദ്രത്തിലോ മറ്റോ ചെന്നാൽ സൈറ്റ് ഓപ്പണായിട്ടില്ല എന്ന മറുപടിയാണു ദിവസവും ലഭിക്കുന്നതെന്ന് അണക്കപ്പാറയിലെ റബർകർഷകനായ തൈപറമ്പിൽ ആന്റണി പറഞ്ഞു. റബർ ബോർഡിന്റെ ഫീൽഡ് ഓഫീസറെയോ ആർപിഎസുമായോ ബന്ധപ്പെടുമ്പോൾ സൈറ്റിനു ചില സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും നോക്കിക്കൊണ്ടിരിക്കണമെന്നും ഏതുസമയവും സൈറ്റ് ഓപ്പണാകും എന്നുമുള്ള മറുപടിയാണ് ലഭിക്കുന്നത്.
ഇതിനാൽ ദിവസവും അക്ഷയകേന്ദ്രത്തിൽ പോകേണ്ട ഗതികേടാണു കർഷകർക്കുള്ളത്. ഈ ടെക്നിക്കൽ പ്രശ്നം പരിഹരിക്കാൻ ഒരു മാസത്തോളം കാലതാമസം എന്തിനാണെന്നാണ് കർഷകർ ചോദിക്കുന്നത്.
ഇനി സൈറ്റ് ഓപ്പണായി എല്ലാവരും ഒന്നിച്ച് സൈറ്റിൽ കയറുന്നത് വീണ്ടും പ്രശ്നങ്ങളുണ്ടാക്കും. ഇതുമൂലം പലർക്കും രേഖകൾ സമർപ്പിക്കാൻ കഴിയാത്ത സ്ഥിതിവരും. കഴിഞ്ഞ രണ്ടുമൂന്നു വർഷം ഇത്തരത്തിൽ സൈറ്റ് പ്രശ്നമാക്കി സബ്സിഡി ഇല്ലാതാക്കുന്ന നടപടിയുണ്ടായിട്ടുണ്ടെന്നാണു അനുഭവങ്ങളിലൂടെ കർഷകർ പറയുന്നത്.
സബ്സിഡി കിട്ടുമെന്ന പ്രതീക്ഷയിലാണ് വായ്പയെടുത്തും മറ്റും പലരും ആവർത്തന കൃഷി നടത്തുന്നത്. തൈ നട്ടാൽ ആദ്യ വർഷങ്ങളിൽ നിരവധി പണികൾ ചെയ്തു തീർക്കേണ്ടതുണ്ട്. വലിയ സാമ്പത്തിക ബാധ്യതയും ഉണ്ടാകും.
ഇതെല്ലാം സഹിച്ചാണ് കർഷകർ ബാധ്യതകൾക്ക് താങ്ങാകുന്ന സബ്സിഡിക്കായി അക്ഷയ കേന്ദ്രങ്ങളിലും മറ്റും കയറിയിറങ്ങുന്നത്.