പ്രതീക്ഷകളുമായി ഒന്നാംവിള നെല്ലുസംഭരണത്തിനു തുടക്കം
1460560
Friday, October 11, 2024 6:42 AM IST
പാലക്കാട്: ജില്ലയിൽ ഒന്നാംവിള നെല്ലുസംഭരണത്തിനു തുടക്കം. പെരിങ്ങോട്ടുകുറുശ്ശി തുമ്പയങ്കുന്ന് പാടശേരത്തിലെ 12 കർഷകരുടെ 25 ടൺ നെല്ലാണു കഴിഞ്ഞദിവസം സംഭരിച്ചത്.
ചുമതലപ്പെടുത്തിയ മില്ലുകാർ നെല്ലുസൂക്ഷിച്ചുവെക്കാൻ സൗകര്യമില്ലാത്ത 12 കർഷകരുടെ നെല്ലാണു സംഭരിച്ചത്. നെല്ലിന്റെ ഗുണനിലവാരം പരിശോധിച്ചു ഇനവുംതൂക്കവും രേഖപ്പെടുത്തിയ പച്ചച്ചീട്ട് നൽകാനുള്ള ഫീൽഡ് ജീവനക്കാർ ചുമതലയേറ്റിട്ടില്ലാത്തതിനാൽ പാലക്കാട് പിഎംഒ നേരിട്ടെത്തിയാണ് പച്ചച്ചീട്ട് നൽകിയത്. ചിറ്റൂർ പിഎംഒയും ഒപ്പമുണ്ടായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.പി. പൗലോസ് കർഷകർക്കു പിആർഎസ് രസീത് നൽകി സംഭരണം ഉദ്ഘാടനം ചെയ്തു.
കൃഷിവകുപ്പിൽനിന്ന് 20 പേരേയും കരാർ അടിസ്ഥാനത്തിൽ 40 പേരേയും നെല്ലുസംഭരണ അസിസ്റ്റന്റുമാരായി നിയോഗിച്ചെങ്കിലും ഇവർ ചുമതലയേറ്റില്ല. ഫീൽഡ് പ്രവർത്തനം ഇവരാണു നിർവഹിക്കേണ്ടത്.
സ്ഥലത്തെത്തി ഗുണനിലവാരം പരിശോധിച്ചു ഇനവും ചാക്കുകളുടെ എണ്ണവും രേഖപ്പെടുത്തി പച്ചച്ചീട്ട് നൽകിയശേഷം വിവരങ്ങൾ സപ്ലൈകോ പോർട്ടലിലേക്കു നൽകേണ്ടതു ഇവരാണ്. ഇതിനുശേഷമാണ് മില്ലുകാരെത്തി നെല്ലളക്കുക.
നെല്ലുസംഭരണകരാർ ഒപ്പിട്ടതു 39 മില്ലുകൾ
പാലക്കാട്: ജില്ലയിൽ സപ്ലൈകോവഴി ഒന്നാംവിള നെല്ലുസംഭരണത്തിനു കരാറൊപ്പിട്ടത് 39 മില്ലുകൾ. ഈ മാസം പകുതിയോടെ എല്ലാ പ്രദേശങ്ങളിലും കൊയ്ത്തും സംഭരണവും വേഗത്തിലാകുമെന്നു സപ്ലൈകോ അധികൃതർ അറിയിച്ചു. 46,665 കർഷകരാണ് സപ്ലൈകോയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഭരണം കാര്യക്ഷമമാക്കാൻ 20 കൃഷി അസിസ്റ്റന്റുമാരെയാണ് നിയമിക്കുക. കൂടാതെ 40 പ്രൊക്യുയർമെന്റ് അസിസ്റ്റന്റുമാരെയും കരാറടിസ്ഥാനത്തിൽ സപ്ലൈകോ നിയമിക്കും. ലോഡിംഗ് പോയിന്റുമായി ബന്ധപ്പെട്ട പ്രശ്നത്തിനു പരിഹാരമായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.