ശോഭാസുരേന്ദ്രനെ സ്വാഗതംചെയ്തു പാലക്കാട്ട് ഫ്ളക്സ് ബോർഡ്
1460559
Friday, October 11, 2024 6:42 AM IST
പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്ഥിചര്ച്ചക്കിടെ പാലക്കാട് നഗരസഭാ കെട്ടിടത്തിനുമുന്നില്‍ ബിജെപി നേതാവ് ശോഭാസുരേന്ദ്രനെ സ്വാഗതംചെയ്തു ഫ്ലക്സ് ബോർഡ്. പാലക്കാടന്‍ കാവിക്കോട്ടയിലേക്കു സ്വാഗതം എന്നെഴുതിയ ഫ്ളക്സാണു സ്ഥാപിച്ചത്.
ബിജെപിക്കാണ് പാലക്കാട് നഗരസഭ ഭരണം. ശോഭാ സുരേന്ദ്രന് മണ്ഡലത്തില്‍ മത്സരിക്കണമെന്നു ജില്ലയിലെ ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. മുതിര്‍ന്ന നേതാവ് എന്‍. ശിവരാജനടക്കം ശോഭാസുരേന്ദ്രനെ സ്ഥാനാര്ഥിയാക്കണമെന്നാവശ്യവുമായി രംഗത്തുവന്നിട്ടുണ്ട്.
മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി സംസ്ഥാന ജനറല്‍സെക്രട്ടറി കെ. കൃഷ്ണകുമാറിന്റെ പേര് വ്യാപകമായി ചര്‍ച്ച ചെയ്യുന്നതിനിടെയാണു ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്. അതേസമയം മണ്ഡലത്തില്‍ തെരഞ്ഞടുപ്പുപ്രവര്ത്തനം ആരംഭിക്കാന്‍ കൃഷ്ണകുമാറിനു കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം ലഭിച്ചുവെന്നാണു സൂചന. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലം സ്ഥാനാര്‍ഥിയായിരുന്നു കൃഷ്ണകുമാര്‍.
കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ ദേശീയനേതൃതവും സംസ്ഥാനകമ്മിറ്റിയും ശ്രമിക്കുന്നതിനിടെ ശോഭയ്ക്ക് അനുകൂലമായി പാര്‍ട്ടിക്കുള്ളില്‍ ഒരുവിഭാഗം രംഗത്തുവന്നതു നേതാക്കള്‍ക്കിടയില്‍ ആശങ്കയും ഉയര്‍ത്തിയിട്ടുണ്ട്.