"കൈവരി തകർന്നു ബലക്ഷയമുണ്ടായ കനാൽപ്പാലം പുനർനിർമിക്കണം'
1460234
Thursday, October 10, 2024 7:45 AM IST
വണ്ടിത്താവളം: നന്ദിയോട്- മേൽപ്പാടം പാതയിലെ കനാൽപ്പാലത്തിന്റെ കൈവരി തകർന്നതുമൂലം വാഹനസഞ്ചാരം ഭീതിയിൽ. മേൽപ്പാടം, കയ്പ്പൻകുളമ്പ് ഉൾപ്പെടെ സ്ഥലങ്ങളിൽ നിന്നുമുള്ളവർ നന്ദിയോട് ജംഗ്ഷനിലെത്തുന്നതു ഈ പാലം വഴിയാണ്. നന്ദിയോട് ഹൈസ്കൂളിലേക്ക് നിരവധി വിദ്യാർഥികളെത്തുന്നതും ഈ കനാൽപ്പാലത്തിലൂടെ.
1977ൽ മൂലത്തറ ഇടതുകനാൽ നിർമാണസമയത്താണ് ഈ പാലവും പണിതത്. പാലത്തിന്റെ ദുരവസ്ഥ സംബന്ധിച്ച് ദീപിക മുന്പും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മൂന്നുവർഷം മുന്പ് വൻതുക ചെലവഴിച്ച് കനാലിന്റെ തകർന്ന ഭാഗങ്ങൾ പുനർനിർമാണം നടത്തിയിരുന്നു. നിലവിൽ പാലത്തിന്റെ അടിഭാഗത്തു കോൺക്രീറ്റിളകി കന്പികൾ പുറത്തേക്കു തള്ളിയ നിലയിലാണ്.
ഇതിലൂടെയുള്ള വാഹനയാത്ര ദുഷ്കരമായതിനാൽ പാലം പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കന്പാലത്തറ ഏരിയിൽനിന്നും പൂർണതോതിൽ വെള്ളമിറക്കിയാൽ പാലം ഏതുനിമിഷവും നിലംപൊത്താമെന്നും നാട്ടുകാർ പറയുന്നു.