ഗ്രീൻഫീൽഡ് ഹൈവേയുടെ സ്ഥലമേറ്റെടുപ്പുനടപടികൾ ത്വരിതപ്പെടുത്തണം: വി.കെ. ശ്രീകണ്ഠന് എംപി
1459740
Tuesday, October 8, 2024 7:51 AM IST
പാലക്കാട്: പാലക്കാട് - കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയുടെ സ്ഥലമേറ്റെടുപ്പുനടപടികൾ ത്വരിതപ്പെടുത്തണമെന്ന് വി.കെ. ശ്രീകണ്ഠന് എംപി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. പ്രവൃത്തികൾ പൂർത്തീകരിക്കാൻ കാലതാമസം വരുന്നതുമൂലം കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതം നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ ജില്ലാ ഓഫീസർമാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ജില്ലയില്‍ നടപ്പാക്കുന്ന വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാ വികസന കോ-ഓര്‍ഡിനേഷന്‍ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു എംപി.
പ്രധാനമന്ത്രി ഗ്രാമീണ റോഡ് യോജന പദ്ധതിയുടെ പുതുക്കിയ മാർഗരേഖകൾ പ്രകാരം 500 മീറ്ററില്‍ മുതല്‍ ദൂരമുള്ള റോഡുകൾ ഏറ്റെടുക്കാവുന്നതാണെന്നും അതനുസരിച്ച് പുതിയ പ്രൊപ്പോസലുകൾ തയ്യാറാക്കി നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. ബാംഗ്ലൂർ - കൊച്ചി വ്യവസായ ഇടനാഴിയുമായി ബന്ധപ്പെട്ട് പാലക്കാട് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി പദ്ധതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതിന്റെ തുടർനടപടികൾ ത്വരിതപ്പെടുത്തണമെന്നും ദിശ ചെയർമാൻ കൂടിയായ എംപി നിർദേശിച്ചു.
യോഗത്തിൽ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിർവഹണ പുരോഗതി അവലോകനം നടത്തുകയും പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തു.
യോഗത്തിൽ ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ ജയ് പി. ബാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, പൊന്നാനി എംപി യുടെ പ്രതിനിധി സലാം മാസ്റ്റർ, വിവിധ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ പങ്കെടുത്തു.