പന്നിയങ്കര ടോൾപ്ലാസയിൽ വക്കീൽനോട്ടീസുകൾ കത്തിച്ച് വാഹന ഉടമകളുടെ പ്രതിഷേധം
1459554
Monday, October 7, 2024 7:30 AM IST
വടക്കഞ്ചേരി: പന്നിയങ്കര ടോൾപ്ലാസയിൽ ടോൾകമ്പനി സ്കൂൾവാഹനങ്ങൾക്കു നൽകിയ വക്കീൽനോട്ടീസുകൾ ടോൾപ്ലാസക്കു മുന്നിൽ കത്തിച്ച് സ്കൂൾവാഹനഉടമകളുടെ പ്രതിഷേധം. ജനകീയവേദികളുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ രാവിലെ പ്രതിഷേധ പരിപാടികൾ നടന്നത്.
സ്കൂൾ വാഹനങ്ങളിൽനിന്ന് ടോൾപിരിക്കാൻ അനുവദിക്കില്ലെന്നും അങ്ങനെ നീക്കമുണ്ടായാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ സംഘടിപ്പിച്ചു ടോൾപ്ലാസ ഉപരോധിക്കുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.
മുൻ തീരുമാനങ്ങൾ ലംഘിച്ചു പന്നിയങ്കര ടോൾപ്ലാസ വഴി കടന്നു പോകുന്ന സ്കൂൾ വാഹനങ്ങൾക്കെല്ലാം രണ്ടരവർഷത്തെ ടോൾകുടിശിക 15 ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ അനധികൃതമായി ടോൾറോഡ് ഉപയോഗിച്ചതിനു നിയമ നടപടി സ്വീകരിക്കുമെന്നാണ് വക്കീൽ നോട്ടീസിൽ പറയുന്നത്.
പ്രദേശവാസികൾക്കും സ്കൂൾ വാഹനങ്ങൾക്കും ടോൾ നൽകേണ്ടതില്ലെന്നു നേരത്തെതന്നെ തീരുമാനമുണ്ട്. പി.പി. സുമോദ് എംഎൽഎ, ടോൾകമ്പനി അധികൃതർ, പോലീസ്, ഹൈവേ അഥോറിറ്റി അധികാരികൾ, പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റു ജനപ്രതിനിധികൾ എന്നിവർ ചർച്ച നടത്തി എടുത്തിട്ടുള്ള തീരുമാനമാണ് ടോൾ കമ്പനി ഇപ്പോൾ ലംഘിച്ചിട്ടുള്ളത്. ഇതിനെതിരെയാണ് ജനരോഷം ശക്തമായിട്ടുള്ളത്.വടക്കഞ്ചേരി പഞ്ചായത്തംഗം അമ്പിളി മോഹൻദാസ് പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു. ജനകീയവേദി ചെയർമാൻ ബോബൻ ജോർജ് അധ്യക്ഷത വഹിച്ചു.
പന്തലംപാടം ജനകീയ കൂട്ടായ്മ പ്രസിഡന്റ് ജോർസി ജോസഫ്, ജനകീയവേദി ജനറൽ കൺവീനർ ജിജോ അറക്കൽ, , സ്കൂൾ ബസ് ഓണേഴ്സ് കൂട്ടായ്മ പ്രസിഡന്റ് സാജൻ മാത്യു, ജനാർദ്ദനൻ താളിക്കോട്, സി.കെ. അച്യുതൻ, കെ. ശിവദാസ്, ഷിബു ജോൺ, പി.ജെ. ജോസ് എന്നിവർ പ്രസംഗിച്ചു. വക്കീൽനോട്ടീസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ടോൾകമ്പനി അധികൃതർക്കും സമരക്കാർ കത്തുനൽകി.