പന്നിയങ്കര ടിഎംകെ അരീന ഇന്റർനാഷണൽ ഫുട്ബോൾ ഗ്രൗണ്ടിൽ ആദ്യ ദേശീയ ചാമ്പ്യൻഷിപ്പിന് ഇന്നു വിസിൽ മുഴങ്ങും
1459153
Saturday, October 5, 2024 8:02 AM IST
വടക്കഞ്ചേരി: പന്നിയങ്കര ടോൾപ്ലാസക്കു സമീപം ടിഎംകെ അരീന ഇന്റർനാഷണൽ ഫുട്ബോൾ ഗ്രൗണ്ടിൽ ആദ്യ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇന്നു വിസിൽ മുഴങ്ങും.
രാജ്മാതാ ജീജാഭായ് ട്രോഫിക്കായുള്ള ഇരുപത്തിയൊമ്പതാമത് സീനിയർ വനിതാ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പാണ് നടക്കുന്നത്. രാവിലെ 7. 30ന് തമിഴ്നാടും ഗോവയും തമ്മിലും 3. 30ന് കേരളവും ഹിമാചൽ പ്രദേശും തമ്മിലാണ് ആദ്യദിന മത്സരം. ഏഴ്, ഒമ്പത് തീയതികളിലാണ് മറ്റു മത്സരങ്ങൾ നടക്കുക. ദിവസവും രാവിലെ 7. 30നും വൈകീട്ട് 3. 30 നുമാണ് മത്സരങ്ങൾ നടക്കുകയെന്ന് കെഎഫ്എ അഡ്മിനിസ്ട്രേഷൻ മേധാവി ഷാജി സി. കുരിയൻ പറഞ്ഞു.
ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെ കേരള ഫുട്ബോൾ അസോസിയേഷനാണു ചാമ്പ്യൻഷിപ്പ് നടത്തുന്നത്.
ഈ മാസം 12മുതൽ കേരള യൂത്ത് ഡെവലപ്മെന്റ് പ്രോജക്ട് ചാക്കോളാസ് ട്രോഫിക്കായുള്ള മത്സരങ്ങളും 14മുതൽ കേരള പ്രീമിയർ ലീഗ് മത്സരങ്ങളും ശോഭ ഹെർമിസ്റ്റേജിടുത്ത ടിഎംകെ അരീന ഫുട്ബോൾ ഗ്രൗണ്ടിൽ നടക്കും.
നിർമാണം പൂർത്തീകരിച്ചതു ഫിഫ അന്തർദേശീയ മാനദണ്ഡങ്ങൾപ്രകാരം
വടക്കഞ്ചേരി: ഫിഫ (ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ) യുടെ ഗ്രൗണ്ട് നിർമാണ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു നിർമിച്ചിട്ടുള്ള കേരളത്തിലെ ആദ്യ ഇന്റർനാഷണൽ ഫുട്ബോൾ ഗ്രൗണ്ട് എന്ന നിലയിൽ ടിഎംകെ അരീന ഗ്രൗണ്ട് ഇതിനകം ഫുട്ബോൾ ആരാധകരുടെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു.
വടക്കഞ്ചേരിയിലെ സാമൂഹ്യസേവന രംഗത്തെ നിറസാന്നിധ്യമായ കാടൻകാവിൽ തോമസ് മാത്യുവാണ് കളിക്കളത്തിന്റെ ഉടമ.
115 മീറ്റർ നീളവും 73 മീറ്റർ വീതിയുമുള്ള ആർട്ടിഫിഷ്യൽ ഗ്രാസ് ഗ്രൗണ്ട്. ഇതിനുപുറത്ത് 1.22 മീറ്റർ വീതിയിൽ എട്ടു ട്രാക്കുകളുള്ള 400 മീറ്റർ ഉൾപ്പെടെ വരുന്ന അതിവിശാലമായ ഗ്രൗണ്ടാണിത്. ഫിഫയുടെ മാനദണ്ഡങ്ങളോടെയുള്ള 31 ഗ്രൗണ്ടുകളാണ് ഇന്ത്യയിൽ നിലവിലുള്ളത്. ഫിഫയുടെ അംഗീകാരം കാത്തിരിക്കുകയാണ് അധികൃതർ. ഇതിനുള്ള അന്തിമഘട്ട പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
മഴ പെയ്താൽ വെള്ളം സെക്കന്റുകൾക്കുള്ളിൽതന്നെ പൂർണമായും ഒഴുകിപ്പോയി ഗ്രൗണ്ട് പൂർവസ്ഥിതിയിലാക്കുന്ന അത്യാധുനിക ഡ്രെയ്നേജ് സിസ്റ്റം ഗ്രൗണ്ടിന്റെ പ്രത്യേകതയാണ്.
വിയറ്റ്നാമിൽ നിന്നും ഇറക്കുമതി ചെയ്തിട്ടുള്ള ആർട്ടിഫിഷ്യൽ ഗ്രാസാണ് ഗ്രൗണ്ടിൽ വിരിച്ചിട്ടുള്ളത്. ഒരുവശത്തു 300 സീറ്റിന്റെ ഗാലറിയുടെ നിർമാണം പൂർത്തിയായിട്ടുണ്ടെന്നു തോമസ് മാത്യു കാടൻകാവിൽ പറഞ്ഞു.
അന്തർദേശീയ നിലവാരത്തിലുള്ള കളിക്കാർക്കാർക്കായി എല്ലാ സൗകര്യങ്ങളുമായി 10 വലിയ മുറികളുമുണ്ട്.