വേണം, മംഗലംഡാമിലും വനവിഭവ ശേഖരണകേന്ദ്രം
1458924
Friday, October 4, 2024 7:21 AM IST
മംഗലംഡാം: മറ്റ് ആദിവാസി മേഖലയിലുള്ളതുപ്പോലെ കാട്ടിൽനിന്നും ആദിവാസികൾ ശേഖരിക്കുന്ന വനവിഭവങ്ങളുടെ വിപണനത്തിനായി മംഗലംഡാം കേന്ദ്രീകരിച്ച് വനംവകുപ്പ് കളക്്ഷൻ സെന്റർ ആരംഭിക്കണമെന്ന ആവശ്യം ശക്തം.
വനംവകുപ്പിന്റെ കീഴിലുള്ള വിഎസ്എസ്, ഇഡിസി തുടങ്ങിയവ വഴിയാണ് മറ്റിടങ്ങളിൽ ഇത്തരം കളക്്ഷൻ സെന്ററുകളുള്ളത്.
ഇതുവഴി മേഖലയിൽ ആദിവാസികൾ ശേഖരിക്കുന്ന വനവിഭവങ്ങളുടെ വിപണനം സുഗമമാക്കാനാകുമെന്നു ചൂണ്ടിക്കാട്ടുന്നു.
രാപ്പകൽ കാട്ടിലലഞ്ഞ് ശേഖരിക്കുന്ന വനവിഭവങ്ങൾക്കു വിപണന സൗകര്യമില്ലാതെ ആദിവാസികൾ ദൈനംദിന ചെലവുകൾക്കു കഷ്ടപ്പെടുന്ന സ്ഥിതിയാണിപ്പോൾ.
വനവിഭവങ്ങൾ സംഭരിക്കുന്ന പട്ടികവർഗ വകുപ്പിന്റെ സൊസൈറ്റികളോ മറ്റു സംവിധാനങ്ങളോ ഡാമിലില്ലാത്തതും ഈ പാവപ്പെട്ട ജനവിഭാഗത്തെ ദുരിതത്തിലാക്കുകയാണ്. കടപ്പാറ മൂർത്തികുന്ന്, തളികകല്ല്, കവിളുപാറ തുടങ്ങിയ മലമ്പ്രദേശങ്ങളിലെല്ലാം ആദിവാസി കോളനികളുണ്ട്. വനവിഭവങ്ങളാണ് ഈ വിഭാഗത്തിന്റെ ഉപജീവനമാർഗം.
മഴക്കാല മാസങ്ങളിൽ ഏറെ പ്രയാസപ്പെട്ടാണു പച്ചമരുന്നുകൾ ശേഖരിക്കുക. ആദിവാസികളുടെ ക്ഷേമത്തിനായി കൂടെനിൽക്കേണ്ട പട്ടികവർഗ ക്ഷേമവകുപ്പ് പക്ഷെ, ഇത്തരം അടിസ്ഥാന വിഷയങ്ങളിലൊന്നും ഇടപെടുന്നില്ലെന്ന പരാതിയുമുണ്ട്.