ധോണിയിൽ ജനകീയ പക്ഷി സര്‍വേ : കണ്ടെത്തിയതു കാട്ടുവേലിത്തത്ത ഉൾപ്പെടെ മുപ്പതോളം അപൂർവപക്ഷിയിനങ്ങൾ
1458923
Friday, October 4, 2024 7:21 AM IST
പാലക്കാട്: ദേശീയ വനം- വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒലവക്കോട് റേഞ്ച് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ധോണിയില്‍ ജനകീയ പക്ഷി സര്‍വേ നടത്തി.
കാട്ടുവേലിത്തത്ത, ത്രിയംഗുലി മരംകൊത്തി, നീലച്ചെമ്പൻ പാറ്റപിടിയൻ, ഗൗളിക്കിളി ഉള്‍പ്പടെ മുപ്പതോളം അപൂർവയിനം പക്ഷികളെ സര്‍വേയില്‍ രേഖപ്പെടുത്തി. പാലക്കാട് നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി, ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി, അകത്തേത്തറ ഗ്രാമപഞ്ചായത്ത് എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ഒലവക്കോട് റേഞ്ച് ഓഫീസര്‍ ഇംറോസ് ഏലിയാസ് നവാസ്, അകത്തേത്തറ ഗ്രാമപഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി അംഗം അഡ്വ. ലിജോ പനങ്ങാടന്‍, പാലക്കാട് നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി സെക്രട്ടറി വി. പ്രവീണ്‍ എന്നിവര്‍ നേതൃത്വം നല്കി.
പത്തുടീമുകളായി നടത്തിയ സര്‍വേയില്‍ സ്കൂള്‍- കോളജ് വിദ്യാർഥികൾ, പ്രകൃതിസ്നേഹികളടക്കം നൂറ്റിപ്പതിനെട്ടോളംപേർ പങ്കെടുത്തു.