കുതിരമൂളി-കള്ളിയന്പാറ റോഡ് തകർന്ന് സഞ്ചാരതടസം
1458425
Wednesday, October 2, 2024 7:35 AM IST
കൊല്ലങ്കോട്: കുതിരമൂളി-കള്ളിയന്പാറ റോഡ് തകർന്ന് വാഹനസഞ്ചാരം ദുർഘടമായി. പത്ത് വർഷം മുന്പാണ് റോഡിന്റെ അറ്റകുറ്റപ്പണികൾ അവസാനം നടത്തിയത്. വീതികുറഞ്ഞ പാതയിൽ നിലവിൽ രണ്ടു സ്വകാര്യബസുകൾ സർവീസ് നടത്തുന്നത് ഏറെ പണിപ്പെട്ടാണ്. അച്ചനംകോട്, ഇടച്ചിറ, കടമങ്കാട്, പറയന്പള്ളം, പോഴുംപൊറ്റ, കള്ളിയാന്പാറ എന്നിവിടങ്ങളിലായി 15000 ൽ കൂടുതൽ പേർ താമസക്കാരുണ്ട്.
കാർ, ഇരുചക്ര ഉൾപ്പെടെ നൂറുകണക്കിനു വാഹനങ്ങൾ ഇതുവഴി പതിവായി സഞ്ചരിക്കുന്ന പാതയിലാണ് ടാറും മെറ്റലും ഇളകി തുടർഗർത്തങ്ങൾ ഉണ്ടായിരിക്കുന്നത്. കുതിരമൂളി മുതൽ കള്ളിയന്പാറവരെ പത്തിൽ കൂടുതൽ ഹെയർ ബെന്റുകളും വാഹന സഞ്ചാരത്തിനു അപകടഭീഷണിയാകുന്നുണ്ട്. ഇതുകൂടാതെ റോഡിലേക്ക് വളർന്നു പന്തലിച്ച പാഴ്ചെടികളും അപകടമുണ്ടാക്കുന്നു.
കള്ളിയന്പാറ, പേഴുംപൊറ്റ, വേലങ്കാട് ഭാഗങ്ങളിൽ ആനശല്യം ഉണ്ടായാൽ വനംവകുപ്പ് ജീവനക്കാർക്ക് ഇതുവഴി എത്തുന്നതിന് ഗർത്തങ്ങൾ ഏറെ തടസമുണ്ടാക്കുന്നുണ്ട്. കൊല്ലങ്കോടിനെ കേന്ദ്രസർക്കാർ സുന്ദരഗ്രാമമായി പ്രഖ്യാപിച്ചതോടെ മലയോര ദൃശ്യങ്ങൾ ആസ്വദിക്കാൻ നിരവധി പേർ വാഹനങ്ങളിലെത്തുന്നുണ്ട്. റോഡിന്റെ വിസ്താരക്കുറവും ഗർത്തങ്ങളും ഗതാഗതകുരുക്കിനും കാരണമാകുന്നുണ്ട്. അവധി ദിവസങ്ങളിലും വിശേഷദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധജില്ലകളിൽ നിന്നും സന്ദർശകർ വാഹനങ്ങളിൽ വൻതോതിൽ എത്തുന്നുണ്ട്. ചെറിയ മഴപെയ്താൽ പോലും റോഡിലുടനീളം ഗർത്തങ്ങളിൽ ജലം കെട്ടി നിൽക്കുന്നതും വാഹനയാത്രക്ക് ഏറെ പ്രതിസന്ധിയാകുന്നുണ്ട്.