നവീകരിച്ചതോടെ മുണ്ടൂർ ജംഗ്ഷനിൽ അപകടങ്ങളും പതിവ്
1458050
Tuesday, October 1, 2024 7:02 AM IST
കല്ലടിക്കോട്: ദേശീയ- സംസ്ഥാനപാതകൾ സംഗമിക്കുന്ന മുണ്ടൂർ ജംഗ്ഷൻ നവീകരിച്ചതോടെ അപകടങ്ങളും പതിവായതായി ആക്ഷേപം.
ഇക്കഴിഞ്ഞ ഞായറാഴ്ചയും പാതയിൽ അപകടമുണ്ടായി. പുലർച്ചെ ഒരുമണിയോടെ മണ്ണാർക്കാടുഭാഗത്തുനിന്നു വന്ന കണ്ടെയ്നർ ലോറി പാലക്കാടുഭാഗത്തേക്ക് തിരിയുന്നതിനിടെ നിയന്ത്രണം തെറ്റി. പാലക്കാട് ഭാഗത്തേക്കു തിരിയാതെ നേരെ മുന്നോട്ടുനീങ്ങിയവണ്ടി നടപ്പാതയിൽ കയറി എതിർവശത്തെ കടയ്ക്കു മുന്നിലേക്കുമുട്ടിയാണ് നിന്നത്.
ഇതേസമയത്ത് കാറ്ററിംഗ് ജോലികഴിഞ്ഞ് മടങ്ങുന്ന മൂന്നുയുവാക്കൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു. ഓടിമാറിയതിനാലാണ് അപകടം ഒഴിവായത്. ജംഗ്ഷൻ നവീകരിച്ചശേഷം മണ്ണാർക്കാടു ഭാഗത്തുനിന്നുവരുന്ന ഭാരവാഹനങ്ങൾ പാലക്കാട് ഭാഗത്തേക്ക് തിരിയുമ്പോഴാണ് അപകടങ്ങൾ കൂടുതലുമുണ്ടാവുന്നത്. ജംഗ്ഷനിലെ അശാസ്ത്രീയമായ ഗതാഗത ക്രമീകരണമാണു അപകടങ്ങൾക്ക് പ്രധാനകാരണം.
സിഗ്നൽ ലൈറ്റുകളോ മുന്നറിയിപ്പുകളോ ഇല്ലാത്തതും ഗതാഗത ക്രമീകരണത്തിനായി നിർമിച്ച ഡിവൈഡറുകളുടെ വലിപ്പക്കുറവും അപകട കാരണങ്ങളാകുന്നുണ്ട്. നിലവിലെ ഗതാഗത ക്രമീകരണത്തിൽ മണ്ണാർക്കാടുനിന്ന് കോങ്ങാട് ഭാഗത്തേക്കും പാലക്കാടുനിന്ന് മണ്ണാർക്കാട് ഭാഗത്തേക്കും കോങ്ങാടുനിന്ന് പാലക്കാട്ടേക്കും പോകുന്ന വാഹനങ്ങൾ മുണ്ടൂർ ജംഗ്ഷനിൽ മുഖാമുഖമാണ് വരിക.
രാത്രി ഭാരവാഹനങ്ങൾ റോഡിനു നടുവിലെ ഉയരംകുറഞ്ഞ ഡിവൈഡറിൽ ഇടിച്ചുകയറിയും അപകടങ്ങൾ സംഭവിക്കുന്നുണ്ട്. ദേശീയപാത നവീകരിച്ചതോടെ വാഹനങ്ങളുടെ വേഗക്കൂടുതലും അപകടത്തിനു ഇടയാക്കുന്നു.