വാടാനാംകുറുശി റെയിൽവേ ഗേറ്റിനു സമീപം ഗതാഗതക്കുരുക്ക് പതിവാകുന്നു
1458044
Tuesday, October 1, 2024 7:02 AM IST
ഷൊർണൂർ: വാടാനാംകുറുശി റെയിൽവേഗേറ്റിന് സമീപം ഗതാഗതകുരുക്ക് മുറുകുന്നു. പോലീസ് സാന്നിധ്യം ഉറപ്പാക്കണമെന്ന് ആവശ്യം. കുളപ്പുള്ളി - പട്ടാമ്പിപാതയുടെ ഇരുഭാഗത്തുനിന്നുമുള്ള വാഹനങ്ങൾ ഗേറ്റിന് സമീപം മാർഗതടസം സൃഷ്ടിച്ച് നിർത്തുന്നതാണ് ഗതാഗതകുരുക്കിന് പ്രധാന കാരണം. ബസുകളുൾപ്പെടെ എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് പാതയുടെ ഒരുവശം നൽകാതെ നിർത്തുന്നതാണ് കുരുക്കിന് കാരണമാകുന്നത്. റോഡ് നിർമാണപ്രവൃത്തികളും കുരുക്കിന് കാരണമാകുന്നുണ്ട്.
പ്രതിദിനം നൂറുകണക്കിന് ബസുകൾ ഗുരുവായൂരിലേക്കും പട്ടാമ്പിയിലേക്കും പെരിന്തൽമണ്ണയിലേക്കുമായി ഇതുവഴി കടന്നുപോകുന്നുണ്ട്. നിലമ്പൂർ റെയിൽപ്പാതയ്ക്ക് കുറുകെയുള്ള റെയിൽവേഗേറ്റ് അടയ്ക്കുമ്പോഴാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. കഴിഞ്ഞദിവസം ഇവിടെ അഗ്നിരക്ഷാവിഭാഗത്തിന്റെ വാഹനവും കുടുങ്ങി.
പത്തുമിനിറ്റ് മുതൽ 20 മിനിറ്റുവരെ ഗേറ്റ് അടച്ചിടും. ദിവസം പകൽമാത്രം 10 തവണയെങ്കിലും ഗേറ്റ് അടച്ചിട്ടതിനാൽ കുടുങ്ങിനിൽക്കേണ്ടി വരുന്നുണ്ടെന്നാണ് ബസ് ജീവനക്കാരുടെ പരാതി. ഈ സമയമെത്തുന്ന കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ വരിതെറ്റിച്ച് ഗേറ്റിന് സമീപത്ത് നിർത്തും. ഗേറ്റ് തുറക്കുന്നതോടെ എല്ലാ വാഹനങ്ങളും തിക്കിത്തിരക്കി കയറി വരുന്നതോടെ ഗതാഗതകുരുക്കുമാകും. ഇതോടെ വാക്കേറ്റവും തർക്കവുമായി പ്രശ്നങ്ങളും പതിവുകാഴ്ചയാണ്. റെയിൽവേഗേറ്റിന് കുറുകെ മേൽപ്പാലം നിർമിക്കുന്നുണ്ടെങ്കിലും നിർമാണം പൂർത്തിയായിട്ടില്ല.
രാവിലെയും വൈകുന്നേരവുമാണ് മിക്കപ്പോഴും ഗതാഗതകുരുക്കിനിടയാകുന്നത്. റെയിൽവേ മേൽപ്പാല നിർമാണം പൂർത്തിയാക്കി തുറന്നുകൊടുത്താൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരമാകൂ. കൂടാതെ ഈ ഭാഗത്ത് പോലീസ് സാന്നിധ്യം ഉറപ്പാക്കിയാൽ ഒരു പരിധിവരെ പ്രശ്നത്തിന് പരിഹാരം ആകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.