പുതിയ കോടതിസമുച്ചയം കണ്ണിയമ്പുറത്ത്; നിലവിലെ കെട്ടിടം പുരാവസ്തുവകുപ്പ് ഏറ്റെടുക്കും
1453942
Wednesday, September 18, 2024 1:27 AM IST
ഒറ്റപ്പാലം: വിവാദങ്ങൾക്ക് വിട, പുതിയ കോടതിസമുച്ചയം കണ്ണിയംമ്പുറത്ത് തന്നെ നിർമിക്കും. ഇതിനായി കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ കണ്ണിയംപുറത്തെ സ്ഥലം ലഭ്യമാക്കുമെന്ന് കെ. പ്രേംകുമാർ എംഎൽഎ പറഞ്ഞു. സ്ഥലം വിട്ടുനൽകാൻ ഉപാധികളോടെ റവന്യൂവകുപ്പ് ഉത്തരവിട്ടിട്ടുണ്ടെന്ന് എംഎൽഎ വ്യക്തമാക്കി. ജലസേചനവകുപ്പിന്റെ 70 സെന്റ് സ്ഥലമാണ് കോടതിസമുച്ചയ നിർമാണത്തിനായി കൈമാറുക. ഉടമസ്ഥാവകാശം റവന്യൂവകുപ്പിൽ നിലനിർത്തി ഭൂമിയുടെ കൈവശാവകാശമാണ് കൈമാറാൻ ഉത്തരവിട്ടിട്ടുള്ളതെന്ന് എംഎൽഎ അറിയിച്ചു.
ഉത്തരവിറങ്ങി ഒരുവർഷത്തിനകം നിർമാണം തുടങ്ങണം. സ്ഥലത്തെ മരങ്ങൾ മുറിക്കാൻ റവന്യൂവകുപ്പിന്റെ അനുവാദം വാങ്ങണം, ഒപ്പം മുറിക്കുന്നതിന്റെ മൂന്നിരട്ടി വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ച് പരിപാലിക്കണം. സ്ഥലം പണയപ്പെടുത്താനോ ഉപപാട്ടത്തിനോ നൽകരുത് തുടങ്ങിയ ഉപാധികളോടെയാണ് സ്ഥലം കൈമാറ്റം ചെയ്യുന്നതെന്ന് എംഎൽഎ പറഞ്ഞു. ഇവയിൽ ഏതെങ്കിലുമൊന്ന് ലംഘിച്ചാൽ സ്ഥലം തിരികെ റവന്യൂവകുപ്പിൽ പുനർനിക്ഷിപ്തമാകും. നിലവിൽ താലൂക്കോഫീസിന് സമീപത്തുള്ള ഒറ്റപ്പാലം കോടതി കെട്ടിടത്തിന് ഒന്നര നൂറ്റാണ്ടുകാലത്തെ പഴക്കമുണ്ട്.
ഏഴുനിലകളിലായാണ് ഒറ്റപ്പാലത്ത് പുതിയ കോടതിസമുച്ചയം നിർമിക്കാൻ ധാരണയായിരുന്നത്. അഡീഷണൽ ജില്ലാകോടതി, കുടുംബകോടതി, സബ് കോടതി, മുൻസിഫ് കോടതി, മജിസ്ട്രേറ്റ് കോടതി എന്നീ കോടതികൾ പല സ്ഥലങ്ങളിലായാണ് ഇപ്പോഴുള്ളത്. ഇവയെല്ലാം ഒറ്റ കെട്ടിടത്തിലേക്ക് വരുമെന്നതാണ് പ്രത്യേകത. വീഡിയോ കോൺഫൻസിംഗ് മുറി, യോഗംചേരാുള്ള മുറികൾ, സ്ത്രീകൾക്കായി പ്രത്യേക മുറി എന്നിവയുൾപ്പെടെ നിർമിക്കാനായിരുന്നു മുൻധാരണ. പഴയ കോടതി സമുച്ചയം പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കാനാണ് തീരുമാനം.