കൊള്ളയ്ക്കിരയായി റബര്‍ കര്‍ഷകര്‍; റബറിന് തുടര്‍ച്ചയായ തിരിച്ചടി
1453941
Wednesday, September 18, 2024 1:27 AM IST
കല്ലടിക്കോട്: തുടര്‍ച്ചയായി നഷ്ടം നേരിട്ട് റബര്‍ വിപണി. ചൂഷണത്തിന് ഇരയായി ഒട്ടുപാല് വില്‍ക്കുന്ന കര്‍ഷകര്‍. ക്രബ് വ്യവസായികളും ഒട്ടുപാലിന് വിലയിടിച്ച് കര്‍ഷകരെ ചൂഷണം ചെയ്യുന്നതായി പരാതി. കിലോയ്ക്ക് 155 രൂപ വരെ ഉയര്‍ന്ന ഒട്ടുപാലിന് വില 110ന് അടുത്താണ് നിലവില്‍ വില.
ഉത്പാദനചെലവ് വര്‍ധിച്ചതോടെയാണ് കര്‍ഷകര്‍ ചെലവു കുറഞ്ഞ ഒട്ടുപാലിലേക്കു കര്‍ഷകര്‍ ചുവടുമാറ്റിയത്. എന്നാല്‍ വില ഉയര്‍ന്നു നിന്നിട്ടും ന്യായമായ വില നല്കാന് പോലും വ്യവസായികള്‍ തയാറാകുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. റബറിന് വില വര്‍ധിച്ചപ്പോള്‍ ഒട്ടുപാലിനും സമാനമായി വില വര്‍ധിച്ചിരുന്നു. പക്ഷേ, റബറിന് വില കുറയും മുന്‍പുതന്നെ ഓട്ടുപാല്‍ വില കൂപ്പുകുത്തി.
പിന്നാലെ റബര്‍ വിലയും കുറയുകയും ചെയ്തു. റിക്കാര്‍ഡ് വിലയിലേക്ക് ഉയര്‍ന്ന റബര്‍വില ആര്‍എസ്എസ് നാല് ഗ്രേഡിന് കിലോക്ക് 229 രൂപയാണ്. കഴിഞ്ഞമാസത്തിന്റെ തുടക്കത്തില്‍ റബര്‍വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. 247 രൂപയായിരുന്നു അന്നത്തെ റബര്‍ ബോര്‍ഡ് വില. 255 രൂപയ്ക്കു വരെ വില്പന നടന്ന സ്ഥലങ്ങളുമുണ്ട്.
2011-12 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍എസ്എസ് നാലിന് കിലോക്ക് ലഭിച്ച 243 രൂപയായിരുന്നു അതുവരെ ലഭിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക്. ഇതാണ് മടികടന്നത്. ഈ സമയങ്ങളില്‍ റബര്‍ ഷീറ്റിന് ക്ഷാമം രൂക്ഷമായതോടെ 255 രൂപയ്ക്കുവരെ കോട്ടയം മാര്‍ക്കറ്റില്‍ വ്യാപാരം നടന്നിരുന്നു. എന്നാല്‍ പിന്നീട് വില താഴുകയായിരുന്നു. വ്യാപാരികളുടെയും കര്‍ഷകരുടെയും കൈവശമുള്ള സ്റ്റോക്ക് വിറ്റഴിക്കാനായി വ്യവസായികള്‍ സമ്മര്‍ദം ചെലുത്തിയതോടെയാണ് വില ഇടിഞ്ഞത്.
ഇതിനുപിന്നാലെ ടയര്‍ കമ്പനികള്‍ ഇറക്കുമതിക്കായി ബുക്ക് ചെയ്തിരുന്ന ചരക്ക് എത്തുകകൂടി ചെയ്തതോടെ വില പിന്നെയും ഇടിഞ്ഞു. കണ്ടെയ്നര്‍-കപ്പല്‍ ലഭ്യത കുറഞ്ഞതോടെയാണ് റബര്‍ ഇറക്കുമതി നിലച്ചത്. അടുത്തിടെ കണ്ടെയ്നര്‍ ക്ഷാമത്തിന് അയവ് വന്നതോടെ ടയര്‍ കമ്പനികള്‍ റബര്‍ ഇറക്കുമതി വീണ്ടും സജീവമാക്കുകയായിരുന്നു. ഇതാണ് വിലയിടിവിലേക്ക് നയിച്ചത്.