നെല്ലിയാമ്പതി: ഓണം അവധി ആഘോഷിക്കാനായി നെല്ലിയാമ്പതിയിൽ സഞ്ചാരികളുടെ തിരക്ക്. തുടർച്ചയായ അവധി ദിവസങ്ങൾ ആഘോഷിക്കാനായി നെല്ലിയാമ്പതിയിലെ എല്ലാ റിസോർട്ടുകളും മുൻകൂട്ടി ബുക്ക് ചെയ്ത സഞ്ചാരികളുടെ തിരക്കിലമർന്നു. ഒരു ദിവസത്തിനായി മാത്രം സന്ദർശനത്തിനെത്തിയ സഞ്ചാരികളുടെ വാഹനതിരക്കു മൂലം പുലയംപാറ - സീതാർ കുണ്ട് റോഡിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
ഇരുചക്ര വാഹനങ്ങളിലും കാറുകളിലും മറ്റ് വലിയ വാഹനങ്ങളിലും എത്തിയവരാണ് ഏറെ ബുദ്ധിമുട്ടിയത്. ഇടുങ്ങിയ എസ്റ്റേറ്റ് റോഡുകൾ ആയതിനാൽ മിക്കയിടത്തും വാഹനങ്ങൾക്ക് പരസ്പരം വശം കൊടുക്കാൻ കഴിയാതെ ബുദ്ധിമുട്ടി. ആനമട - മിന്നാംപാറ ഭാഗങ്ങളിലേക്ക് നടത്തുന്ന സഫാരി ജീപ്പ് സർവീസുകാരുടെ വാഹനങ്ങളും സഫാരി ജീപ്പിൽ കയറിയ യാത്രക്കാരുടെ വാഹനങ്ങളും പുലയംപാറ റോഡരികിലും ഓറഞ്ച് ഫാം പരിസരത്തും നിർത്തിയിട്ടത് ഗതാഗതക്കുരുക്കിന് ആക്കം കൂട്ടി.