മണ്ണാർക്കാട് കോൽപ്പാടം ചപ്പാത്തിന് പകരം പുതിയപാലം വരുന്നു
1453747
Tuesday, September 17, 2024 1:50 AM IST
മണ്ണാർക്കാട്: തെങ്കര കാഞ്ഞിരപ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോൽപ്പാടത്തെ ചപ്പാത്തിന് പകരം പുതിയ പാലമെന്ന നാടിന്റെ സ്വപ്നത്തിന് ചിറകുമുളയ്ക്കുന്നു. പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ആദ്യഘട്ടപ്രവർത്തനങ്ങൾ പൂർത്തിയാക്കിയതോടെ പാലത്തിന്റെ കാര്യത്തിൽ യാത്രക്കാരുടെ പ്രതീക്ഷകൾക്കും കരുത്തേറി. കോൽപ്പാടം പുഴയ്ക്ക് കുറുകെവർഷങ്ങൾക്ക് മുമ്പ് നിർമിച്ച ചപ്പാത്ത് പാലം പൊളിച്ച് ഇവിടെ നിന്ന് എട്ടുമീറ്റർ മാറി 52 മീറ്റർ നീളത്തിലും 9.75 മീറ്റർ വീതിയിലും പുതിയ പാലം നിർമിക്കാനാണ് ഒരുക്കം.
ഒന്നര മീറ്റർ വീതിയിൽ പാലത്തിന്റെ ഒരുഭാഗത്ത് നടപ്പാതയുമുണ്ടാകും. നിലവിലുള്ള റോഡിൽ ബന്ധിപ്പിക്കുന്ന തരത്തിൽ അപ്രോച്ച് റോഡും നിർമിക്കും. ഇടതുഭാഗത്ത് 25 മീറ്ററും വലതുഭാഗത്ത് 69 മീറ്ററുമാണ് റോഡുണ്ടാ വുക. ഇതിന് സ്ഥലമേറ്റെടുക്കേണ്ടതായി വരുന്നുണ്ട്.
ഇരുഭാഗത്തുമായി 16.5 സെന്റോളം സ്ഥലം ഏറ്റെടുക്കേണ്ടായി വരുമെന്ന് അധികൃതർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗത്തിന്റെ നിർദേശപ്രകാരം എംഎൽഎമാരായ എൻ. ഷംസുദ്ദീൻ, കെ. ശാന്തകുമാരി എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് പ്രദേശവാസികളുടെ യോഗം ചേർന്നിരുന്നു. കാഞ്ഞിരപ്പുഴ പഞ്ചായ ത്ത് പ്രസിഡന്റ് സതി രാമരാജൻ, തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലി, പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം മണ്ണാർക്കാട് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ ശർമിള, ഓവർസിയർമാരായ അനൂപ്ദാസ്, നൗഷാദ്, ടെസി പി. ജോർജ് തുടങ്ങിയവരും പങ്കെടുത്തു. സ്ഥലമേറ്റെടുപ്പിനുള്ള ചർച്ചകൾ പൂർത്തീകരിക്കുകയും പാലത്തിന്റെ രൂപരേഖയും മറ്റും നാട്ടുകാരുമായി പങ്കുവെയ്ക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് മേലധികാരികൾക്ക് റിപ്പോർട്ട് നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വൈകാതെ അന്തിമ അനുമതി ലഭിച്ച് ടെൻഡർ നടപടികളിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി എൻ. ഷംസുദ്ദീൻ എംഎൽഎ പറഞ്ഞു. ആറുകോടി രൂപയാണ് നിർമാണ ചെലവ് കണക്കാക്കുന്നത്. പാലം യാഥാർഥ്യമായാൽ ഇതുവഴിയുള്ള യാത്ര കൂടുതൽ സുഗമമാകും. കാഞ്ഞിരപ്പുഴ ഭാഗത്തുള്ളവർക്ക് മണ്ണാർക്കാട്, തെങ്കര എന്നിവടങ്ങളിലേക്കും തെങ്കര ഭാഗത്തുള്ളവർക്ക് കാഞ്ഞിരപ്പുഴ, തച്ചമ്പാറ, പാലക്കാട് അടക്കമുള്ള സ്ഥലങ്ങളിലേക്ക് പോകുന്നതിനുള്ള എളുപ്പമാർഗമാണിത്.