സഹപാഠിക്കു വീടു നിർമിച്ചുനൽകി ചെറുപുഷ്പം സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
1453134
Saturday, September 14, 2024 1:43 AM IST
വടക്കഞ്ചേരി: മാസങ്ങളേറെ നീണ്ട അധ്വാനം ഫലംകണ്ടതിന്റെ സന്തോഷത്തിലാണ് വടക്കഞ്ചേരി ചെറുപുഷ്പം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളും അധ്യാപകരും. സഹപാഠിക്ക് വീട് നിർമിച്ചു നൽകലായിരുന്നു വിദ്യാർഥിനികൾക്കു മുന്നിലുണ്ടായിരുന്ന ടാസ്ക്.
ഓണത്തിനുമുമ്പ് സഹപാഠിയും കുടുംബവും സുരക്ഷിതമായ പുതിയ വീട്ടിലേക്ക് താമസം മാറണമെന്ന ആഗ്രഹവും കൂട്ടുകാർക്കുണ്ടായിരുന്നു.
എന്നാൽ ഇതിനുള്ള പണം കണ്ടെത്തൽ തന്നെയായിരുന്നു പ്രധാന വെല്ലുവിളി. ബിരിയാണി ചലഞ്ച്, കേക്ക് വില്പന, ജൂട്ട് ബാഗ്, ഫ്ലോർ ക്ലീനർ, ടോയ് ലറ്റ് ക്ലീനർ തുടങ്ങിയവയെല്ലാം ഉണ്ടാക്കി വീടുകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങി വില്പന നടത്തി വീടുപണിക്കുള്ള കുറെ പണം വിദ്യാർഥിനികളും ഗൈഡ് ക്യാപ്റ്റൻമാരും ചേർന്ന് കണ്ടെത്തി.
അധ്യാപകരുടെ ചെറുതും വലുതുമായ സഹായങ്ങൾക്കൊപ്പം ട്രസ്റ്റുകളും സ്ഥാപനങ്ങളും പൂർവ വിദ്യാർഥികളും മറ്റു സുമനസുകളെല്ലാം ഒന്നിച്ച് പിന്തുണച്ചപ്പോൾ സഹപാഠിക്ക് വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ കഴിഞ്ഞെന്ന് വിദ്യാർഥിനികൾ പറഞ്ഞു.
എച്ച്എസ്എസിലെ എട്ടാം ഗൈഡ് കമ്പനിയും എച്ച്എസിലെ പതിനാലാം ഗൈഡ് കമ്പനിയുമാണ് ഭവന നിർമാണത്തിന് ചുക്കാൻ പിടിച്ചത്.
വീടിന്റെ താക്കോൽദാനം കെ.ഡി. പ്രസേനൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് അധ്യക്ഷത വഹിച്ചു. എട്ടാമത് ഗൈഡ് കമ്പനി ലീഡർ എയ്ഞ്ചൽ മേരി വിൽസൺ പദ്ധതി വിശദീകരണം നടത്തി.
സ്കൗട്ട് ആൻഡ് ഗൈഡ്സ് ആലത്തൂർ എൽഇ പ്രസിഡന്റ് നൂർമുഹമ്മദ് മാസ്റ്റർ, സെക്രട്ടറി ഷിനു വി. ദേവ് , പിടിഎ പ്രസിഡന്റ് രാജീവ്, കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് റെജി കെ. മാത്യു, വാർഡ് മെംബർ സി. മുത്തു, പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ആഗ്നൽ ഡേവിഡ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ശോഭാ റോസ് എന്നിവർ പ്രസംഗിച്ചു.
ഗൈഡ് ക്യാപ്റ്റൻ പി.എസ്. അന്നമ്മ സ്വാഗതവും എച്ച്എസ് ഗൈഡ് കമ്പനി ലീഡർ എസ്. ശ്രീലേഖ നന്ദിയും പറഞ്ഞു.