ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ തൊഴിലാളികൾക്കിതു കണ്ണീരോണം
1453131
Saturday, September 14, 2024 1:43 AM IST
ഷൊർണൂർ: ജംഗ്ഷൻ റെയിൽവേസ്റ്റേഷനിലെ തൊഴിലാളികൾക്കിത് കണ്ണീരോണം. മലബാറിന്റെ റെയിൽവേ പ്രവേശന കവാടമായ ഷൊർണൂരിൽ ട്രെയി നുകളിൽ വെള്ളം നിറയ്ക്കുന്നതിനുൾപ്പെടെയുള്ള കരാർ തൊഴിലാളികൾക്കാണ് ഈ ഓണം കണ്ണീരിന്റേതായത്. ഓണത്തിനു പോലും ഇവർക്ക് ശമ്പളം ലഭിക്കാത്തതാണ് കാരണം. സ്റ്റേഷനിലെ വർക്ക്ഷോപ്പ് ഷെഡിലെ കരാർ തൊഴിലാളികൾക്ക് ശമ്പളവും ബോണസുമൊന്നും കിട്ടാത്തതുമൂലം ഇവരും കടുത്ത ദു:ഖത്തിലും പ്രതിഷേധത്തിലുമാണ്.
ട്രെയിനുകൽ വെള്ളം നിറയ്ക്കുന്ന തൊഴിലാളികൾക്ക് പിന്നീട് ശമ്പളം ലഭിച്ചെങ്കിലും ബോണസ് നൽകിയില്ല. ഇത് ലഭിക്കാതെ വെള്ളം നിറയ്ക്കില്ലെന്നുപറഞ്ഞ് സമരത്തിനിറങ്ങിയതോടെയാണ് ഇവർക്ക് ശമ്പളം ലഭിച്ചത്. എന്നാൽ കരാർപ്രകാരം ഉത്സവങ്ങൾക്ക് ലഭിക്കേണ്ട ബോണസ് നൽകിയില്ല. ഇതാണ് ഇവർക്ക് പ്രതിസന്ധി സൃഷ്ടിച്ചത്. അതേസമയം ഇവർക്കൊപ്പം ജോലിചെയ്യുന്ന ഷെഡിലെ തൊഴിലാളികൾക്ക് ശമ്പളവുമില്ല, ബോണസുമില്ലാത്ത സ്ഥിതിയാണ്. ഓണം എത്തിയതോടെ ഇവരെല്ലാം വലിയ പ്രതിഷേധത്തിലും പ്രയാസത്തിലുമാണ്.
രണ്ടുവർഷമായി ഒരുമാസംപോലും കൃത്യമായി ശമ്പളം ലഭിച്ചില്ലെന്നാണ് ഇവരുടെ പരാതി. സ്റ്റേഷനിലൂടെ കടന്നുപോകുന്ന 80-ഓളം ട്രെയിനുകളിൽ വെള്ളം നിറയ്ക്കുന്ന ജോലിചെയ്യുന്നവരാണിവർ. ട്രാക്കിലൂടെ വെയിലും മഴയുമേറ്റ് ജോലിചെയ്യുന്ന ഇവർക്ക് യൂണിഫോം, കോട്ട്, കൈയുറകൾ എന്നീ സുരക്ഷാ സാമഗ്രികളൊന്നും നൽകിയിട്ടില്ല.
നിലവിലെ കരാറുകാരുടെ പ്രശ്നം ഉന്നയിച്ച് റെയിൽവേ ഉദ്യോഗസ്ഥരെ സമീപിച്ചാലും ഇവർക്ക് വേതനം ലഭിക്കാത്ത അവസ്ഥയാണ്. ഓണക്കാലത്ത് ശമ്പളം പോലുമില്ലാതെ എങ്ങനെ വീടുകളിൽ കയറി ചെല്ലുമെന്ന ചോദ്യമാണ് ഇവർ ഉന്നയിക്കുന്നത്.