കോയമ്പത്തൂർ: കോർപറേഷൻ പരിധിയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതിന് നിരോധനം. ഇതിനായി പൊതുസ്ഥലങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ചവറ്റുകുട്ടകൾ നീക്കംചെയ്ത് വീടുവീടാന്തരം കയറിയിറങ്ങി മാലിന്യങ്ങളും അജൈവമാലിന്യങ്ങളും വേർതിരിച്ച് ശേഖരിക്കുന്നുണ്ട്.
പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചാൽ പിഴ ഈടാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി കോർപറേഷൻ കമ്മീഷണർ ശിവഗുരു പ്രഭാകരന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ഊർജിതമായ അന്വേഷണം നടത്തിവരികയാണ്. നഞ്ചുണ്ടപുരം പാതയോരത്ത് ഒരാൾ കാറിൽവന്ന് മാലിന്യം തള്ളുന്നതായി ആരോഗ്യവകുപ്പ് ഇൻസ്പെക്ടർ ജഗനാഥന് വിവരം ലഭിച്ചു. ഇതിനുശേഷം സംഭവസ്ഥലത്തെത്തി മാലിന്യം തള്ളിയ നേതാജി നഗറിലെ അൻബു എന്നയാൾക്ക് 2000 രൂപ പിഴ ചുമത്തി.