ഭാരതപ്പുഴ റെയിൽവേ സ്റ്റേഷൻ പുനരുജ്ജീവിപ്പിക്കണമെന്ന് യാത്രക്കാർ
1451204
Saturday, September 7, 2024 12:18 AM IST
ഷൊർണൂർ: ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ സ്പർശിക്കാതെ കടന്ന് പോകുന്നത് 40 ട്രെയിനുകൾ. ഇവയെ പ്രയോജനപ്പെടുത്താൻ നടപടികളാവിഷ്ക്കരിക്കണമെന്ന് ജനകീയാവശ്യം. ഷൊർണൂരിൽ കയറാതെ കടന്നുപോകുന്ന ട്രെയിനുകളെ മലബാറിലുള്ള യാത്രക്കാർക്ക് പ്രയോജനപ്പെടുത്താൻ ഭാരതപ്പുഴ റെയിൽവേ സ്റ്റേഷൻ പുനരുജ്ജീവിപ്പിക്കമെന്ന നിർദേശവും ഉയർന്നു കഴിഞ്ഞു.
കാടുമൂടിയും ബലക്ഷയം സംഭവിച്ചും നശിച്ചുകിടക്കുന്ന ഭാരതപ്പുഴ സ്റ്റേഷന്റെ കെട്ടിടം ഇപ്പോഴും റെയിൽവേ പാളത്തിനരികിലുണ്ട്. ഇപ്പോൾ ഷൊർണൂർ റെയിൽവേ ജംഗ്ഷനിൽകയറി എൻജിൻ മാറ്റിയശേഷം പാലക്കാട് ഭാഗത്തേക്ക് പോകുമ്പോഴുള്ള സമയനഷ്ടത്തിന്റെ പേരിലാണ് ട്രെയിനുകൾ ഷൊർണൂർ കയറാതെ പോകുന്നത്.
ഭാരതപ്പുഴ സ്റ്റേഷനെ പുനരുജ്ജീവിപ്പിച്ചാൽ ഇത് മലബാറിലെ യാത്രക്കാർക്ക് കൂടുതൽ യാത്രാസൗകര്യം നൽകുമെന്നുറപ്പാണ്. 40 ട്രെയിനുകളാണ് ഷൊർണൂരിൽ കയറാതെ ഷൊർണൂർ എ, ബി കാബിനുകളും ഭാരതപ്പുഴ സ്റ്റേഷനുംവഴി പാലക്കാട് ഭാഗത്തേക്ക് പോകുന്നത്. ഇതിൽ 15 എണ്ണം ദിവസേനയുള്ളവയും 25 എണ്ണം പ്രത്യേക വണ്ടികളുമാണ്. ഇവയ്ക്ക് ഒരുമിനിറ്റ് ഭാരതപ്പുഴസ്റ്റേഷനിൽ സ്റ്റോപ്പനുവദിച്ചാൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യമാകും.
മലപ്പുറത്തുനിന്നും കോഴിക്കോട് ഭാഗത്തുനിന്നുമെല്ലാം ഷൊർണൂർ ജംഗ്ഷനിലെത്തുന്ന യാത്രക്കാർക്ക് റോഡ്മാർഗം ഭാരതപ്പുഴ സ്റ്റേഷനിലെത്തി എറണാകുളം, കോയമ്പത്തൂർ ഭാഗങ്ങളിലേക്കുള്ള ട്രെയിനുകളെ ഉപയോഗപ്പെടുത്താനുള്ള സൗകര്യവുമാകും. ഷൊർണൂരിൽ നിന്ന് മൂന്നരകിലോമീറ്റർ മാത്രമേ ഭാരതപ്പുഴ സ്റ്റേഷനിലേക്കുള്ളൂ. സാമ്പത്തികചെലവുള്ള പദ്ധതിക്ക് റെയിൽവേ തയ്യാറാകുമോയെന്നതാണ് പ്രശ്നം. മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തിൽ എംപി യായിരിക്കെയാണ് ഭാരതപ്പുഴസ്റ്റേഷൻ തുടങ്ങിയത്. പാസഞ്ചർ വണ്ടികളും കന്യാകുമാരി-ബെംഗളൂരു ഐലൻഡ് എക്സ്പ്രസും മാത്രമാണ് ഇവിടെ നിർത്തിയിരുന്നത്. പിന്നെ അതും പിൻവലിച്ചു.
പിന്നീട് സ്റ്റോപ്പനുവദിക്കുന്നതിനുള്ള ശ്രമങ്ങൾ ഇല്ലാതായതോടെ ഭാരതപ്പുഴ സ്റ്റേഷന്റെ തകർച്ച പൂർണമായി. പൊടിതട്ടിയെടുത്ത് കെ.ആർ. നാരായണൻ സ്റ്റേഷൻ എന്ന പേരിൽ പുനരാരംഭിക്കണമെന്ന വാദവും ഷൊർണൂരുകാർക്കുണ്ട്. ഇക്കാര്യങ്ങളിൽ റെയിൽവേ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.