പാലക്കാട് രൂപത സുവർണജൂബിലി: യുവജനങ്ങളുടെ ഉന്നമനത്തിനു ഉൗന്നൽ നൽകി: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
1450926
Friday, September 6, 2024 12:06 AM IST
പാലക്കാട്: യുവജനങ്ങളുടെ ഭൗതികവും ആത്മീയവുമായ ഉന്നമനത്തിനു പാലക്കാട് രൂപത സുവർണജൂബിലിവർഷത്തിൽ ഊന്നൽ നൽകിയതായി ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ.
യുവജനങ്ങളുടെ വിദ്യാഭ്യാസ, തൊഴിൽമേഖലയിൽ വിവിധ പരിപാടികൾ നടപ്പാക്കിയതായി രൂപത സുവർണജൂബിലി സമാപനാഘോഷപരിപാടികൾ വിശദീകരിക്കാനായി നടത്തിയ വാർത്താസമ്മേളനത്തിൽ ബിഷപ് പറഞ്ഞു.
സുവർണജൂബിലിസ്മാരകമായി സാൻജോ നഴ്സിംഗ് കോളജ് പ്രവർത്തനം ആരംഭിച്ചു. ഇതോടൊപ്പം നിലവിലെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ശക്തീകരണം, പ്ലസ് വണ്‍, പ്ലസ്ടു വിദ്യാർഥികളുടെ ഉയർച്ചയ്ക്കായുള്ള പ്രവർത്തനം നടത്തുന്ന സ്റ്റാർസിന്റെ ശക്തീകരണം എന്നിവയെല്ലാം ഈ ലക്ഷ്യത്തെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളായിരുന്നുവെന്നും ബിഷപ് പറഞ്ഞു.
ജൂബിലിപൂർവവർഷം, ജൂബിലിവർഷം, ജൂബിലി അനന്തരവർഷം എന്നിങ്ങനെ വിഭജിച്ചു കർമപദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കിവരുന്നു.
പൊതുസമൂഹത്തിനു പ്രയോജനപ്പെടുന്നവിധത്തിൽ രൂപതയിലെ കത്തോലിക്കാസമുദായത്തിന്റെ ശക്തീകരണമാണു ലക്ഷ്യം. സമൂഹത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ കത്തോലിക്ക കോണ്‍ഗ്രസ് ഇടപെട്ടു പ്രവർത്തിച്ചുവരുന്നു. ഇതു കൂടുതൽ വിപുലപ്പെടുത്തും.
ഉപവിപ്രവർത്തനങ്ങൾക്കായി സംഘടനകളെ കൂടുതൽ ശക്തിപ്പെടുത്തും. സാമൂഹികസേവനമേഖലയിൽ പിഎസ്എസ്പി ശക്തമായ പ്രവർത്തനങ്ങൾ നടത്തും. സർക്കാരിന്റെ വിവിധ പദ്ധതികൾ ഏറ്റെടുത്തു പൊതുസമൂഹത്തിന് ഉപകാരപ്രദമായ രീതിയിൽ നടപ്പാക്കും.
സർക്കാരിന്റെ വിവിധ സേവനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി അവരെ സഹായിക്കുന്ന ഫ്രെയിം എന്ന സഹായകേന്ദ്രത്തിന്റെ പ്രവർത്തനം വിപുലപ്പെടുത്തും.
ആവശ്യമായ നിയമസഹായങ്ങളും ഇതിലൂടെ ലഭ്യമാക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതപ്പെടുത്തും. ബന്ധുജനങ്ങളില്ലാത്തവരെ സഹായിക്കുന്ന മലന്പുഴ കൃപാസദൻപോലുള്ള സ്ഥാപനങ്ങൾ ശക്തിപ്പെടുത്തും. പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ടും നിരവധി പദ്ധതികൾ നടപ്പാക്കിവരുന്നുണ്ട്.
സോളാർ പദ്ധതികളുടെ വിപുലീകരണം, കിണർ റീചാർജിംഗ് തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടതാണ്. കുടുംബ, ഇടവക, ഫൊറോന, രൂപതാതലങ്ങളിലായി വിവിധ ഭൗതിക, ആത്മീയ, കാരുണ്യ പ്രവൃത്തികളാണ് നടപ്പാക്കിയത്. ജൂബിലിയുടെ ഭാഗമായി നിർധനർക്കായി 50 വീടുകളാണ് നിർമാണം പൂർത്തിയായിവരുന്നത്.
ബൈബിൾ കണ്വൻഷൻ, സമർപ്പിതസംഗമം, സുവർണജൂബിലി ഫൊറോന സംഗമങ്ങൾ എന്നിവയും നടത്തപ്പെട്ടു. രൂപതയുടെ എല്ലാ മേഖലകളിൽനിന്നുമുള്ളവരെ പങ്കെടുപ്പിച്ച് എപ്പാർക്കിയൽ അസംബ്ലിയും നടത്തി.
ഹോം മിഷൻ, രോഗീസംഗമം, ബൈബിൾ കലോത്സവം, യുവജനസംഗമം, സംഘടനാഭാരവാഹിസംഗമം, വിധവാസംഗമം, ഫാമിലി ക്വിസ്, ജൂബിലി ആഘോഷങ്ങൾ, ആദരിക്കൽ ചടങ്ങുകൾ എന്നിവയും സുവർണജൂബിലിവർഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട പരിപാടികളായിരുന്നുവെന്നും ബിഷപ് പറഞ്ഞു.
സുവർണജൂബിലിനിറവിലുള്ള പാലക്കാട് രൂപതയിൽ നിലവിൽ 11 ഫൊറോനകളിലായി 130 പള്ളികളും 14,250 വീടുകളും 60141 വിശ്വാസികളും 171 വൈദികരും 22 ആശ്രമങ്ങളും 147 കോണ്‍വന്റുകളും മൂന്നു കോളജുകളും മറ്റു വിവിധ സ്ഥാപനങ്ങളുമുണ്ട്.
രൂപത വികാരി ജനറാൾ മോണ്‍. ജീജോ ചാലയ്ക്കൽ, ചാൻസലർ ഫാ. ഗിൽബർട്ട് എട്ടൊന്നിൽ, പിആർഒ ഫാ. ജോബി കാച്ചപ്പിള്ളി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.