യൂത്ത് കോൺഗ്രസ് എസ്പി ഓഫീസ് മാർച്ചിൽ സംഘർഷം
1450664
Thursday, September 5, 2024 1:56 AM IST
പാലക്കാട്: ആഭ്യന്തരമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ പോലീസ് ഓഫീസിലേക്കു മാര്‍ച്ച് നടത്തി. എസ്ബിഐ ജംഗ്ഷനില്‍നിന്നും ആരംഭിച്ച മാര്‍ച്ച് എസ്പി ഓഫീസിന് സമീപത്തു പോലീസ് തടഞ്ഞതു നേരിയ സംഘര്‍ഷത്തിനു വഴിവച്ചു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. തുടര്‍ന്ന് നടന്ന പ്രതിഷേധ സമരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഒ.കെ. ഫാറൂഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ് അധ്യക്ഷനായിരുന്നു. സംസ്ഥാന ഭാരവാഹികളായ വിനോദ് ചെറാട് , ജിതേഷ് നാരായണന്, സി. വിഷ്ണു പ്രതീഷ് മാധവന്, ജില്ലാ ഭാരവാഹികളായ പി.ടി. അജ്മല്‍, ശ്യാം ദേവദാസ്. കെഎസ്യു ജില്ലാ പ്രസിഡന്റ് നിഖില്‍ കണ്ണാടി, അജാസ് കുഴല്‍മന്ദം എന്നിവര്‍ നേതൃത്വം നല്കി.
മാര്‍ച്ചിനുശേഷം റോഡില്‍ കുത്തിയിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ചു അറസ്റ്റുചെയ്തു നീക്കുകയായിരുന്നു. തുടര്‍ന്ന് സൗത്ത് പോലീസ് സ്റ്റേഷനിലെത്തിയ പ്രവര്‍ത്തകര്‍ സ്റ്റേഷനിലും പ്രതിഷേധം ഉയര്‍ത്തി. മാര്‍ച്ചിനുനേരെ ബലംപ്രയോഗിച്ച രണ്ടു പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സ്റ്റേഷനിലെത്തിയ ഡിവൈഎസ്പി സമരക്കാരുമായി ചര്‍ച്ച നടത്തി അന്വേഷണം നടത്താമെന്നു ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരക്കാര്‍ പിരിഞ്ഞുപോയത്.