ചായക്കടബെഞ്ചും കടന്ന് ചെല്ലത്തയും വാർത്തകളും ;എൺപത്തിയാറിലും പത്രക്കാരുടെ പ്രിയങ്കരൻ
1450444
Wednesday, September 4, 2024 6:35 AM IST
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം നായരങ്ങാടി സെന്ററിലെ യൂണിയൻ ടീഷോപ്പിനു പ്രായം അറുപത്. ഷോപ്പുടമ ചെല്ലത്തയുടെ പ്രായം എൺപത്തിയാറും. ചെല്ലത്തയുടെ മേൽനോട്ടത്തിൽ മകൻ അബ്ദുൾബഷീറും മരുമകൾ ജെറീനയുമാണ് ഇപ്പോൾ ചായക്കട നടത്തിപ്പുകാർ.
ചായക്കടയിൽമാത്രം ഒതുങ്ങുന്നതല്ല ചെല്ലത്തയുടെ പേരും പെരുമയും. വാർത്താ പ്രാധാന്യമുള്ള സംഭവം നാട്ടിൽനടന്നാലും ആരുമരിച്ചാലും വിവരങ്ങൾ അപ്പപ്പോൾ വിവിധ പത്രഓഫീസുകളിൽ അന്നുംഇന്നും എത്തിക്കുന്നത് ചെല്ലത്തയാണ്.
പ്രായാധിക്യത്തിലും ഈ ഡ്യൂട്ടിക്ക് ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല. ഈ സേവനത്തിനുമുണ്ട് അര നൂറ്റാണ്ടിലേറെ പഴക്കം. ഏഴു പഞ്ചായത്തുവാർഡുകൾ വരുന്ന അഞ്ചു മൂർത്തിമംഗലം പ്രദേശത്തെ എവിടെ മരണംനടന്നാലും അവിടെയെല്ലാം ചെല്ലത്തയുടെ സാന്നിധ്യമുണ്ടാകും.
വീടുകളിലെത്തി വേർപാടിൽ ബന്ധുക്കൾക്കൊപ്പം പങ്കുചേരുന്ന ചെല്ലത്ത, പിന്നെ മരിച്ചയാളുടെ പടം ശേഖരിച്ച് വടക്കഞ്ചേരിയിലോ പാലക്കാട്ടോ ഉള്ള എല്ലാ പത്ര ഓഫീസുകളിലും മണിക്കൂറുകൾക്കുള്ളിൽ വാർത്ത എത്തിക്കും. ഇതിനാൽ ചെല്ലത്തയെ അറിയാത്ത പത്രപ്രവർത്തകരും കുറവാണ്.
സൈക്കിളിലാണ് ചെല്ലത്തയുടെ യാത്രകളെല്ലാം. പത്തും പതിനഞ്ചും കിലോമീറ്റർ സൈക്കിൾ ചവിട്ടിപ്പോകുന്നതൊന്നും ചെല്ലത്തക്കു അത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യവുമല്ല. ഇടയ്ക്കൊക്കെ മംഗലത്തു നിന്നും പാലക്കാട്ടേക്കും യാത്ര സൈക്കിളിൽ തന്നെയാകും. സമയനഷ്ടമോ പണനഷ്ടമോ ചെല്ലത്ത നോക്കാറില്ല.
മരണം അസ്വഭാവികമാണെങ്കിൽ ചെല്ലത്ത പിന്നെ വാർത്താശേഖരണത്തിനൊന്നും മെനക്കെടില്ല. പത്രഓഫീസുകളിൽ വിവരം വിളിച്ചുപറയും. അത്തരം വാർത്തകൾ ശേഖരിക്കേണ്ടതു ഉത്തരവാദിത്വപ്പെട്ട പത്രപ്രവർത്തകർ നേരിട്ടെത്തിയാകണമെന്ന കാഴ്ചപ്പാടാണ് ചെല്ലത്തക്കുള്ളത്.
ഇരുപത്തിനാലാം വയസിൽ പട്ടാളത്തിൽ ചേർന്നതായിരുന്നു ചെല്ലത്ത. എന്നാൽ പരിശീലന കാലയളവിൽ ചെല്ലത്തെയെക്കുറിച്ചുള്ള നാട്ടിലെ പോലീസ് അന്വേഷണത്തിൽ ചെല്ലത്ത കമ്യുണിസ്റ്റ് പ്രവർത്തകനാണെന്നു കണ്ടെത്തി.ഇതുസംബന്ധിച്ച റിപ്പോർട്ട് പോലീസ് പട്ടാളമേധാവികൾക്കു നൽകി. തുടർന്ന് പട്ടാളത്തിൽനിന്നും പറഞ്ഞയക്കുകയായിരുന്നുവെന്ന് ചെല്ലത്ത പറയുന്നു. അങ്ങനെ നാട്ടിൽ തിരിച്ചെത്തി 1964 ജനുവരി 26നാണ് പഴയ ദേശീയപാതയായ നായരങ്ങാടി സെന്ററിൽ പട്ടപ്പുരയിൽ ചായക്കട തുടങ്ങിയത്. അന്ന് ചായക്കും ദോശ, ഇഢലി തുടങ്ങിയ പലഹാരങ്ങൾക്കും അഞ്ചുപൈസയായിരുന്നു വില!.
ഫ്രാൻസിസ് തയ്യൂർ