തെരുവുനായപ്പേടിയിൽ മണ്ണാർക്കാട്
1443503
Saturday, August 10, 2024 1:25 AM IST
മണ്ണാർക്കാട്: മേഖലയിൽ തെരുവുനായശല്യം രൂക്ഷമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നു പരാതി വ്യാപകം. നഗരത്തിലൂടെയും നാട്ടുവഴികളിലൂടെയും വഴിനടക്കാനാകാത്ത അവസ്ഥയാണ്.
കഴിഞ്ഞദിവസം നഗരത്തിൽ കോടതിപ്പടിയിൽ നടപ്പാതയിലൂടെ വരികയായിരുന്ന വഴിയാത്രക്കാരനെ തെരുവുനായ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവവമുണ്ടായി.
തെരുവുനായശല്യവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണവകുപ്പ് കണക്കാക്കിയ ജില്ലയിലെ 25 ഹോട്ട്സ്പോട്ടുകളിലൊന്നാണ് മണ്ണാർക്കാട് നഗരസഭ. മിക്കവാർഡുകളിലും തെരുവുനായശല്യമുണ്ട്.
കഴിഞ്ഞവർഷം ജൂലൈയിൽ പാറപ്പുറം ജംഗ്ഷനിൽ രണ്ടുപേർക്കു തെരുവുനായയുടെ കടിയേറ്റിരുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ ചങ്ങലീരി- കോടതിപ്പടി റോഡിൽ പെരിമ്പടാരി സ്വദേശിയായ വയോധികനേയും നായകടിച്ചു. തെന്നാരിയിൽ ഒരു വയോധികനും വിദ്യാർഥിക്കും തെരുവുനായയുടെ കടിയേറ്റത് കഴിഞ്ഞമാസമാണ്.
ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ മാത്രം താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ നായകടിയേറ്റു താലൂക്ക് ആശുപത്രിയിൽ 120 പേർ ചികിത്സതേടിയതായാണ് കണക്ക്.
നഗരത്തോടുചേർന്ന് സ്ഥിതി ചെയ്യുന്ന ചോമേരി, നായാടിക്കുന്ന്, പെരിമ്പാടാരി ഭാഗങ്ങളിൽ നിന്നുള്ള നായകളുടെ സംഘങ്ങൾ നഗരത്തിലേക്കെത്തുന്നതും ഭീതിസൃഷ്ടിക്കുന്നതായി ആക്ഷേപമുണ്ട്. ഒഴിഞ്ഞ കെട്ടിടങ്ങളിലും സ്ഥലങ്ങളിലുമാണു നായക്കൂട്ടം തമ്പടിക്കുന്നത്.
ദേശീയപാതയിലൂടെ സഞ്ചരിക്കുന്നതും കാണാം. വഴിയാത്രക്കാർക്കും വാഹനയാത്ര ക്കാർക്കും ഇതു ഭീഷണിയാകുന്നു. നായക്കൂട്ടങ്ങളെ അമർച്ച ചെയ്യാനുള്ള മാർഗങ്ങളുടെ അപര്യാപ്തതയാണ് പ്രദേശിക ഭരണകൂടങ്ങളെയും നിസഹായരാക്കുന്നത്. തെരുവുനായകളെ പിടികൂടി വന്ധ്യം കരിക്കുക മാത്രമാണു നിലവിലുള്ള പ്രതിവിധി. എന്നാൽ ഇതിനാകട്ടെ താലൂക്കിൽ സംവിധാനവുമായിട്ടില്ല.
നഗരസഭാ പരിധിയിൽ തെരുവുനായശല്യത്തെക്കുറിച്ചു പരാതികൾ പെരുകിയപ്പോൾ നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ ഇടപെട്ട് നായകളെ വന്ധ്യംകരിക്കുന്നതിനുള്ള സൗകര്യമൊരുക്കിയിരുന്നു. ഇദ്ദേഹത്തിന്റെ മുണ്ടേക്കരാടുള്ള സ്ഥലത്താണു വന്ധ്യംകരണത്തിനുള്ള സൗകര്യം നൽകിയത്.
നൂറുകണക്കിനു നായ്ക്കളെ വന്ധ്യംകരിക്കുകയും ചെയ്തെങ്കിലും പിന്നീട് പദ്ധതി നിലയ്ക്കുകയായിരുന്നു. താലൂക്ക് പരിധിയിലെ തെരുവുനായശല്യത്തിനു പരിഹാരം കാണാൻ തച്ചമ്പാറയിൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ എബിസി കേന്ദ്രം നിർമിക്കാൻ കരാറായിട്ടുണ്ട്.
ഈമാസം നിർമാണം ആരംഭിക്കുമെന്നാണു വിവരം. ഇതു യാഥാർഥ്യമാകുന്നതോടെ നഗരസഭയക്കു പുറമെ ബ്ലോക്കിനു കീഴിലുള്ള എട്ടുപഞ്ചായത്തുകളിലെയും തെരുവുനായകളെ പിടികൂടി ഇവിടെയെത്തിച്ച് വന്ധ്യംകരിക്കാനാകും. കാഞ്ഞിരപ്പുഴ, തെങ്കര, കുമരംപുത്തൂർ, കോട്ടോപ്പാടം, അലനല്ലൂർ പ്രദേശങ്ങളിലും നായശല്യം രൂക്ഷമാണ്.