ഓർമകളിലേക്കു നടന്നകന്ന് കണിയമംഗലം ചാമിയേട്ടൻ
1443197
Friday, August 9, 2024 1:54 AM IST
വടക്കഞ്ചേരി: ബസിൽ കയറാതെ, പാദരക്ഷയില്ലാതെ എല്ലായിടത്തും നടന്നെത്തുന്ന എളവംപാടം കണിയമംഗലത്തെ ചാമിയേട്ടൻ (85) ഓർമയായി. തന്റെ ജീവിതയാത്രകളിലൊന്നും ചാമിയേട്ടൻ വാഹനത്തിൽ കയറിയിട്ടില്ല.
എന്തേ ബസിൽ കയറാത്തത് എന്നുചോദിച്ചാൽ മറുപടി ഇങ്ങനെയായിരുന്നു. - ബസിൽ കയറിയാൽ എല്ലാം തിരിയുന്നതുപോലെ തോന്നും പിന്നെ ഛർദിയും. പണംകൊടുത്തു ഛർദിക്കാനായി എന്തിനു ബസിൽകയറി കഷ്ടപ്പെടണം.
നാലഞ്ചഉകിലോമീറ്റർ അകലെ പണിക്കുപോകുമ്പോഴും 40 കിലോമീറ്റർ ദൂരമുള്ള ഭാര്യവീടായ കുഴൽമന്ദം കുത്തന്നൂരിലേക്കും 30 കിലോമീറ്റർ ദൂരംവരുന്ന തറവാടായ തരൂർ അത്തിപ്പൊറ്റയിലേക്കും ചാമിയേട്ടൻ ചെരുപ്പില്ലാതെ ഹൈ സ്പീഡിൽ നടന്നെത്തും.
ദീർഘദൂരങ്ങൾ താണ്ടാൻ വയൽ വരമ്പുകളും കുറുക്കു വഴികളുമുണ്ടായിരുന്നു. ബസിൽ മാത്രമല്ല ജീപ്പ്, കാർ ഇതിലൊന്നും കയറിയിട്ടില്ല. എട്ടു വയസുള്ളപ്പോൾ അച്ഛൻ വേലനും അമ്മ കോച്ചിക്കുമൊപ്പം കണിയമംഗലത്തുനിന്നും ആറുകിലോമീറ്ററുള്ള മംഗലംഡാമിലേക്കു ബസിൽ പോയൊരു ഓർമ മാത്രമായിരുന്നു ചാമിയേട്ടനുണ്ടായിരുന്നത്.
അന്നും ഛർദിയും തിരിച്ചിലുമൊക്കെ ഉണ്ടായി. പിന്നെ ഏഴരപതിറ്റാണ്ട് കാലവും ബസ് യാത്ര നടത്തിയിട്ടില്ല. വാഹന യാത്ര ഇല്ലാതിരുന്നതിനാൽ ആരോഗ്യവും സുരക്ഷിതമായിരുന്നു.
മരണം വരെയും ചാമിയേട്ടൻ നടന്നു. ചാമിയേട്ടന്റെ നടത്തപുരാണം മനസിലാക്കാനും അനുകരിക്കാനും പലരും അടുത്തു കൂടാറുണ്ടെങ്കിലും നടത്തത്തിൽ ചാമിയേട്ടനോടു മത്സരിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല.
എട്ടും പത്തും കിലോമീറ്ററൊക്കെ മത്സരിച്ചുനടന്നവരുണ്ട്. എന്നാൽ 40 കിലോമീറ്റർ ഇടവേളകളില്ലാതെനടന്ന് ഇനിയും നടക്കണോ എന്നുചോദിക്കുന്ന ചാമിയേട്ടനോടു മത്സരിക്കാൻ ആരും ധൈര്യപ്പെടാറുമില്ല. പ്രായമായപ്പോൾ നടത്തത്തിന്റെ ഹൈസ്പീഡിൽ കുറവുവരുത്തിയെങ്കിലും ദേശാന്തരങ്ങൾ താണ്ടുന്ന നല്ല നടത്തക്കാരൻ തന്നെയായിരുന്നു കണിയമംഗലത്തെ ചാമിയേട്ടൻ.