അഞ്ചുമൂർത്തിമംഗലത്ത് കൾവർട്ട് പുതുക്കിപ്പണിയും; ഗതാഗതനിയന്ത്രണം
1443193
Friday, August 9, 2024 1:54 AM IST
വടക്കഞ്ചേരി: ദേശീയപാതയിൽ അഞ്ചുമൂർത്തിമംഗലം ഐടിസി സ്റ്റോപ്പിനടുത്ത് തകർന്നുഅപകട ഭീഷണിയിലായ കൾവർട്ട് പുതുക്കിപ്പണിയും. ഇതിനായി പാലക്കാട് ലൈനിലൂടെ പോകുന്ന വാഹനങ്ങൾ കുറച്ചുദൂരം തൃശൂർ ലൈനിലൂടെവിട്ട് വീണ്ടും പാലക്കാട് ലൈനിലേക്കു തിരിച്ച് വിട്ടാണ് പണികൾ നടത്തുന്നത്. ഇതിനായി പാതയുടെ മധ്യത്തിലുള്ള ഡിവൈഡറുകളും പൊളിച്ചുനീക്കിയിട്ടുണ്ട്. കൾവർട്ട് തകർന്ന് ദേശീയപാതയുടെ പാലക്കാട് ലൈൻ പൂർണമായും അപകട ഭീഷണിയിലാണിപ്പോൾ. ഈ ലൈനിലെ പുനർനിർമാണംകഴിഞ്ഞ് തൃശൂർ ലൈനിലും ഇതേ രീതിയിലുള്ള പുനർനിർമാണം വേണ്ടിവരും.
പാലക്കാട് ലൈനിലാണ് ഇപ്പോൾ റോഡിന്റെ അടിഭാഗം മണ്ണിടിഞ്ഞു തകർന്നിട്ടുള്ളത്. മണൽചാക്കുകളും ജാക്കികളുംവച്ചാണ് റോഡ് താത്കാലികമായി താങ്ങിനിർത്തിയിട്ടുള്ളത്. പണികൾക്കായി തോട് മറ്റൊരു വഴിക്കു തിരിച്ചുവിട്ടിട്ടുണ്ട്.